വെയിലേറ്റൊരുനാള്‍
നിന്റെ പച്ചിലകള്‍
കത്തിയാലെന്റെ
പ്രണയം
ഞാന്‍
നിന്നോട് പറയും
നിന്റെയൊരിലപോലും
കൊഴിയാതെയീ
വേനലിങ്ങനെ കടന്നുപോയാ-
ലന്നു ഞാന്‍
നിന്നെ ചേര്‍ത്ത്പിടിക്കും
മരമായ മരമെല്ലാമീ
കൊടും കാറ്റിലാടാതിരുന്നാല്‍
ഞാന്‍ വിളിക്കും
അന്ന് നീ,
നിന്റെ
മണ്ണുപേക്ഷിച്ചെന്റെ കൂടെവരിക
നിനക്ക് വളരാന്‍,
വേരാഴ്താന്‍
ഞാനെന്റെ ഹൃദയം തരും
വലിച്ചെടുത്ത്
കായ്ക്കാനെന്റെ
രക്തവും..
By
ധനേഷ് കാട്ടൂപ്പാടത്ത്.
..നിന്നോട് .. മേയ് 21, 2010
..പ്രണയം.. ഏപ്രില്‍ 22, 2010
ഒരു പ്രണയമുണ്ടായിരുന്നു
അത് ഞാന്‍
പഠിക്കാതെഴുതിയ
പരീക്ഷ പോലെഴുതി
തോറ്റുപോയി.
കുറച്ചോര്‍മ്മകളുണ്ടായിരുന്നു
അതകലെ
കടലിലൊഴുക്കി കളഞ്ഞിട്ടും
വീണ്ടും മഴയായി
വന്നെന്റെ മേല്‍ പെയ്യുന്നു.
ബാക്കിയുള്ളതല്‍പ്പം വേദനയാണ്
അതണയാതെ
കളയാതെ
ഒരു കനലായി
നോവായി,
മനസ്സിലിന്നും
കൊണ്ട് നടക്കുന്നു.
by
ധനേഷ് കാട്ടൂപ്പാടത്ത്.
..നിര്‍ഭാഗ്യവാന്‍.. ഏപ്രില്‍ 19, 2010
ആനകള്‍ വേട്ടയാടപ്പെടുന്നത്
കാട്ടില്‍ മാത്രമാണ് .
ചതിക്കുന്ന കുഴിയും,തോക്കും
മാത്രമാണവര്‍ക്ക് ഭയം.
പട്ടിണി കിടന്നും,
വിഷം കഴിച്ചുമവര്‍ മരിക്കുന്നില്ല .
അവര്‍ ഭാഗ്യവാന്മാര്‍
പക്ഷികള്‍ വേട്ടയാടപ്പെടുന്നത്
മരത്തിലും , മാനത്തുമാണ്
വലയും , കൂടുമാണവര്‍ക്ക് ഭയം
മിന്നലേറ്റും ,
വെള്ളത്തില്‍ മുങ്ങിയുമാവര്‍ മരിക്കുന്നില്ല.
അവരും ഭാഗ്യവാന്മാര്‍.
മത്സ്യങ്ങള്‍ വേട്ടയാടപ്പെടുന്നത്
വെള്ളത്തില്‍ മാത്രമാണ്.
ഇരകോര്‍ത്ത ചൂണ്ടയും, വളഞ്ഞു പിടിക്കുന്ന
വലയുമാണവര്‍ക്ക് ഭയം.
വണ്ടി മുട്ടിയും,
തലയിടിച്ചും അവര്‍ മരിക്കുന്നില്ല.
അവരും ഭാഗ്യവാന്മാര്‍.
പക്ഷെ ,
എവിടെയുമെപ്പോഴും
വേട്ടയാടപ്പെടുന്നത് മനുഷ്യനാണ്
കാട്ടിലും,വീട്ടിലും
മാനത്തും,കടലിലും.
അവനൊളിക്കാനിടമില്ല.
അവന്റെ ഓര്‍മ്മകള്‍ പോലും
അവനെ വേട്ടയാടി കൊല്ലും..
നിര്‍ഭാഗ്യവാന്‍ ….
By
ധനേഷ് കാട്ടൂപ്പാടത്ത്.
ഒരല്‍പ്പം കൂടി ! ഏപ്രില്‍ 19, 2010
അമ്മയവനെ സ്നേഹിച്ചു ,
അച്ഛനും കൊടുത്തവന് സ്നേഹം.
അവനുമവരെ സ്നേഹിച്ചു ,
കുന്നോളം.
അച്ഛനുമമ്മയും,
അവളെയും സ്നേഹിച്ചു
കുന്നോളം .
അവളും കൊടുത്തവര്‍ക്ക്
കുന്നോളം.
ഇടക്കെപ്പോഴോ,
അവര്‍ തമ്മിലും സ്നേഹിച്ചു….
ഒടുവില്‍,
ഒരുനാളെല്ലാമിട്ടെറിഞ്ഞവര്‍,
എവിടെക്കോ
ഒരുമിച്ചിറങ്ങിപോയി ..
ഒഴിവാക്കാമായിരുന്നത്,
അല്‍പ്പം കൂടി,
ഒരല്‍പ്പം കൂടിയവര്‍
സ്നേഹിച്ചിരുന്നെങ്കില്‍!
ഒരല്പം കൂടി …
By
ധനേഷ് കാട്ടൂപ്പാടത്ത്.
…സന്തോഷം… ഏപ്രില്‍ 2, 2010
സന്തോഷമന്നൊരു
കുഞ്ഞായിരുന്നൊരു
കുട്ടിക്കുറുമ്പന-
വനന്നോടിയും ചാടിയു-
മൊളിച്ചും കഴിഞ്ഞു .
വീടില്ലായിരുന്നവനു-
റങ്ങാനൊരു മെത്തയും.
ഉറക്കമേയില്ലായിരുന്നവനന്ന്.
രൂപങ്ങള്‍ പലതായിരുന്നവനു-
ഷ്ണ ഭൂമിയില്‍ മരുപ്പച്ചയായും ,
വേനല്‍ ചൂടിലേക്കൊരു
പെയ്തൊഴിയാത്ത
കാര്മുകിലുമായവന്‍ വന്നു
മോഹിപ്പിച്ചു ,മറഞ്ഞുകളയും..
പിടികൊടുത്തില്ലവനധികമാര്‍ക്കും,
ചെന്നുപെട്ടില്ലങ്ങിനെയാര്‍ക്കു മുന്നിലും
വെറുതെയങ്ങിനെ.
പാവം മനുജന-
വനെന്നുമൊരു
കിട്ടാക്കനിയായിരുന്നാ കുഞ്ഞ്.
അവനെയെത്തിപ്പിടിക്കാനോടി -
യടുക്കുംപോളൊക്കെയുമവനോടിമറഞ്ഞു .
മറഞ്ഞിരുന്നെപ്പോഴുമവന്റെ ചാരെ തന്നെ.
കാണാതെയറിയാതെ.
എന്നിട്ടും
ചിലരവനെ പിടിച്ചു
പിടിച്ചവരവനെയടച്ചു പൂട്ടി ,
സൂക്ഷിച്ചു.
പക്ഷേയൊരുനാളവന്‍ കടന്നു
കളഞ്ഞു ..
പൂട്ടൊക്കെയും പൊളിച്ചെങ്ങോട്ടോ.
ദൈവമിതൊക്കെ കാണുന്നുണ്ടായിരുന്നപ്പോള്‍
ചെവിയിലെപ്പോഴും
മുഴങ്ങിക്കേട്ടു ,
മനുജന്റെ പ്രാര്‍ത്ഥനയാ-
കുഞ്ഞിനുവേണ്ടി.
ഒരുനാള്‍ പുലരുംമുന്‍പേയാ-
കുഞ്ഞിനെ
പിടിച്ചിരുത്തിയൊരിടത്തെന്നിട്ടു
ദൈവമെങ്ങോ പോയ്മറഞ്ഞു,
സന്തോഷത്തോടെ.
മനുഷ്യനിതറിഞ്ഞില്ല.
അവനപ്പോഴുമെപ്പോഴുമാ-
കുഞ്ഞിനെ തിരഞ്ഞു..
മണ്ണിലും,വിണ്ണിലും
കാട്ടിലും,കാറ്റിലും
ചന്ദ്രനില്‍ വരെ നോക്കി…
കണ്ടില്ല ..
ഒടുവിലവര്‍ ദൈവത്തെ ശപിച്ചവരെ ,
കയ്യൊഴിഞ്ഞ പോയതിന്.
ശപിച്ചും,നരകിച്ചും
കാലമങ്ങിനെ കടന്നു ..
ദൈവമിതു കണ്ടും, കേട്ടും ദുഖിച്ചു.
കലിയുഗമായിരുന്നപ്പോളതിനാല്‍,
ദൈവത്തിനങ്ങോട്ടു പ്രവേശനമില്ലായിരുന്നു.
ആ കുഞ്ഞപ്പോളുമുറക്കമായിരുന്നു,
ആരുമവനെതേടിയവിടേക്ക് പോയില്ല.
ദൈവമവനെ-
യിരുത്തിയിട്ട് പോയത് ഹൃദയത്തിലായിരുന്നു!.
By
ധനേഷ് കാട്ടൂപ്പാടത്ത്.
…ക്ഷമാപണം… മാര്‍ച്ച് 31, 2010
പ്രണയത്തിന്റെ
മധുരം നുണയാനല്ല.
അതിന്റെയിളംകാറ്റേല്ക്കാനുമല്ല.
അതിന്റെ തലോടലേറ്റുറങ്ങാനുമല്ലയ-
തിന്റെ ചിറകടിച്ചു പറക്കാനുമല്ല.
താലികെട്ടി കൂടെകൂട്ടാനല്ലയെ -
ന്റെ കുട്ടികളുടെയമ്മയാവാനുമല്ല ,
എന്നെയെന്നും കാത്തിരിക്കാനല്ലയെ -
നിക്കോര്‍ത്തിരിക്കാനുമല്ല ,
എനിക്കായ് കരയാനുമല്ലയെ-
നിക്കൊപ്പം ചിരിക്കാനുമല്ല,
നിന്നെ
ഞാനര്‍ഹിക്കുന്നില്ല.
അര്‍ഹിക്കാത്തൊരു കനിയായിരുന്നു
നീയെനിക്കെന്നും.
അര്‍ഹിക്കാത്തതെങ്ങിനെയാഗ്രഹിക്കും.
നിറവും ജാതിയുമെന്നുമൊരു
മതിലായി നിന്നു
നമുക്കിടയില്‍.
ചോദിക്കാഞ്ഞിട്ടുമെന്തിനോ
കാലമെന്നോ,
പണിതിട്ടുപോയൊരു
മതില്‍.
പൊളിക്കാനാകാത്തയി-
ളക്കി മാറ്റാനാകാത്തൊരു
മതില്‍.
എന്നിട്ടും പക്ഷെ ഞാന്‍,
നിന്നോടന്നതു പറഞ്ഞു.
നിന്നെ ഞാന്‍ നോവിച്ചു.
എന്നെയിഷ്ട്ടമല്ലെന്നു
നീ പറഞ്ഞപ്പോളെന്റെ
ഹൃദയം മുറിഞ്ഞു,
ആ മുറിവുഞാനുണക്കിയില്ല,
ഒരിക്കലുമൊരു
മരുന്നുമതില്‍ വയ്ക്കില്ല ഞാന്‍ .
ആള്‍ക്കൂട്ടത്തിലൊറ്റപ്പെടുമ്പോളും,
സ്നേഹജലമില്ലാതെ തളരുമ്പോളും,
സ്നേഹത്തിന്‍ തണലകലുംപോഴും
കുഴിയില്‍ വീഴ്‌ത്തി
വിധി കളി തുടരുമ്പോഴുമൊക്കെയും-
നഷ്ട്ടപ്പെടുംപോഴുമെനിക്കാ
വേദന വേണമുള്ളില്‍..
അതിലുരുകിയലിയാന-
തിന്റെ ചൂടേറ്റു നില്‍ക്കാന്‍,
സുഖമുള്ളയാ വേദന തിന്നു
വിശപ്പടക്കാന്‍,
ശിഷ്ടകാലമീ മണ്ണില്‍ ജീവിക്കാന്‍,
അതില്ലാതെനിക്ക് പറ്റില്ല.
എനിക്ക് ജീവിക്കണം.
അതിനായിരുന്നെല്ലാം ..
ക്ഷമിക്കില്ലേ നീ ?
By
ധനേഷ് കാട്ടൂപ്പാടത്ത്.
N.B
ഇത്രയും അവളോടൊരിക്കലെങ്കിലും പറയണമെന്ന് കരുതിയതാണ്..പറ്റിയില്ല..
അവളിതു വായിച്ചിട്ടെങ്കിലും എന്നോട് ക്ഷമിക്കുമായിരിക്കും ..ഇതാണ് സത്യം, ഇതുമാത്രമാണ് സത്യം..
…പാട്ട്… മാര്‍ച്ച് 31, 2010
പേടിച്ചു പേടിച്ചാണൊടുവില്‍
വിളിച്ചത്,
ചാനലിലേക്ക് .
അവള്‍ക്കു വേണ്ടിയൊരു പാട്ട് വയ്ക്കാന്‍.
മനസ്സിലൊളിപ്പിച്ചതെല്ലാം,
വിളിച്ചു പറയുന്നൊരു പാട്ട്.
പേര് ചോദിച്ചപ്പോ
മാറ്റിപ്പറഞ്ഞു
പേടിയായിരുന്നു.
നാളെയാ പേടി മാറ്റു-
മതവളോട് പറയും.
അതുറപ്പിച്ചു.
സംശയിച്ചു..വെറുതെ,
അവളതു കേള്ക്കുമോയെന്നു.
അവളതു കേട്ടെന്നു തോന്നിയ-
പ്പോളവളുടെ പേരും,വയസ്സും
ടീവിയിലങ്ങിനെ തെളിഞ്ഞു കടന്നു പോയി,
പലവട്ടം..
കൂടെ വേറെ പേരുകളും ..
ബസ്സില്‍,
കോളേജിലേക്കുപോയയവള്‍
ചെന്ന് വീണത് പുഴയിലായിരുന്നു ..
എന്നും കാണുന്ന പുഴ..
അവളുടെ പിടക്കുന്ന മുഖമപ്പൊ
കണ്ടു..
ഉള്ളൊന്നു പിടച്ചു,
പാട്ടപ്പോഴും തീര്‍ന്നിട്ടില്ലായിരുന്ന-
തപ്പോഴും പാടിക്കൊണ്ടേയിരുന്നു…
By
ധനേഷ് കാട്ടൂപ്പാടത്ത്.
കറുപ്പും വെളുപ്പും മാര്‍ച്ച് 28, 2010
ചോര്‍ന്നിട്ടില്ലെന്റെ വീടൊരിക്കലും,
കാറ്റുമുണ്ടായിരുന്നെ-
പ്പോഴുമകമാകെ.
എങ്കിലും,പക്ഷെയെന്തോ-
വെളിച്ചം കുറവായിരുന്നകത്ത്.
അതുകൊണ്ടാകാം,
കാറ്റധികമേറ്റിട്ടുമാകാം-
ഞാനാകെ കറുത്തിരുന്നു.
അതേല്‍ക്കാഞ്ഞിട്ടാകാ-
മവള്‍ വെളുത്തും.
ഒരിക്കലുമിണങ്ങാത്ത നിറങ്ങള്‍.
ഉറക്കമെന്നെ കയ്യൊഴിഞ്ഞപ്പോളാ-
ണൊരുനാള്‍ പാതിരയ്ക്ക് ഞാനിറങ്ങിനടന്നത്.
അന്നാണ് നിന്റെ
വീട് ഞാന്‍ കണ്ടത് .
വിളക്കണച്ചു നീ ,
വാതിലടച്ചിരുന്നു.
തുറന്നിട്ട ജനാലക്കപ്പുറം
നീയുണ്ടായിരുന്നകത്ത്.
പെയ്തിറങ്ങിയ നിലാവെളിച്ചത്തി-
ലന്നു ഞാന്‍ കണ്ടു.
നിനക്കപ്പോളെന്റെ
നിറം തന്നെ!.
ചോരാത്ത കൂരക്കടിയിലെ
മണ്ണോലിച്ചിരുന്നപ്പോഴും.
അപ്പോഴൊക്കെയും,
ഞാനായിരുട്ടത്തവിടെ-
നിന്റെ ജനാലക്കരികില്‍,
നിന്നെയും നോക്കി നിന്നു.
നിന്റെയൊരു നോട്ടത്തിനായി.
ഒടുവിലൊരു പാതിരാവില്‍
നീ നിന്റെ നോട്ടം കൊണ്ടെന്നെ
വിളിച്ചകത്തുകയറ്റി.
ഞാനെന്റെ വെളിച്ചം കുറഞ്ഞ വീടും
വെളുത്തൊരവളെയുമിരുട്ടിലാക്കി
നിന്റെയിരുട്ടുമുറിയില്‍ കയറി.
പുലരുംവരെയുമൊരുമിച്ചു
കണ്ടു,
പല സ്വപ്നങ്ങളും ,
പലവട്ടം ശപിച്ചു മനസ്സില്‍,
കളഞ്ഞിട്ടുവന്നവളെ .
പലവട്ടം കെട്ടിപ്പുണര്‍ന്നു പരസ്പരമാ
യിരുട്ടിലങ്ങിനെ.
ഒടുവിലാസൂര്യാംശുവേറ്റു ഞാനു-
ണരവേ,
കണ്ടു ഞാന്‍ മുന്നിലായ്
നിന്‍ മുഖം,
വെട്ടിത്തിളങ്ങുന്നൊരാ മുഖമതപ്പോളാ
പകല്‍ വെളിച്ചത്തിലങ്ങിനെ
വെളുത്തു തുടുത്തിരുന്നു.!
By
ധനേഷ് കാട്ടൂപ്പാടത്ത്.
..പൊള്ളലുകള്‍.. മാര്‍ച്ച് 23, 2010
കുഞായിരുന്നപ്പോഴാണാദ്യം പൊള്ളിയത്..
അടുപ്പിലെ കഞ്ഞിക്കലതിന്റെ മൂടി
മുഖം നോക്കാനെടുത്തപ്പോഴായിരുന്നത് ,
അമ്മയതില്‍ വെള്ളമോഴിച്ചപ്പോളൊരു
വല്ലാത്ത സുഖം തോന്നി
പൊള്ളലിനുമൊരു സുഖമുണ്ടെന്നറിഞ്ഞു
അന്നാദ്യമായി .
ഉറക്കമിളച്ചും, എഴുതിയുണ്ടാക്കിയു-
മെഴുതിയ പരീക്ഷ ചതിച്ചപ്പോഴാണ്
പിന്നീട് പൊള്ളിയത് ,
വല്ലാതെ വേദനിച്ചു..
കാലമേറെയെടുത്തു
ചൂടൊന്നു മാറാന്‍.
അപ്പോളാ പഴയ സുഖം തോന്നിയില്ല.
അങ്ങിനെയും ചില
പൊള്ളലുണ്ടെന്നു തിരിച്ചറിഞ്ഞു.
വേദനകള്‍
തന്നിട്ട് പോകുന്നത്,
തിരിച്ചറിവുകളാണ്.
പ്രണയിനി
കൂടുതല്‍ കായ്ക്കുന്നൊരു മരം
തെടിപ്പോയപ്പോഴാണ്
പിന്നീട് പൊള്ളിയത്,
അതിന്റെ
വേദനയധികനാള്‍ നിന്നില്ല,
പക്ഷെ,
മനസ്സ് പകുതി വെന്തിരുന്നു.
പാതിവെന്ത മനസ്സുമായി കുറെയേറെ നാള്‍ .
ഒടുവില്‍,
പാതിവെന്ത മനസ്സുമായി
പ്രേയസിയെ കൂടെക്കൂട്ടി,
അല്‍പ്പമൊരാശ്വാസം തേടി.
പക്ഷെ,
വാക്കുകൊണ്ടും
നോട്ടം കൊണ്ടും,
ബാക്കി പകുതിയുമവള്‍
പൊള്ളിച്ചുകൊണ്ടിരുന്നു.
ഇടക്കൊക്കെ
അവളതില്‍ കുത്തിയുംനോവിച്ചു .
അവളാശിച്ചതും,
ചോദിച്ചതുമൊന്നും
കൊടുക്കാനൊരിക്കലും കഴിഞ്ഞില്ല.
യാത്രക്കിടയിലെവിടയോ-
അവളിറങ്ങി വേറെയേതോ
വണ്ടിയില്‍ കയറി.
ഇന്നിവിടെ
മുഴുവന്‍ വെന്ത
മനസ്സുമായി,
ഞാനീ പുഴയോരത്തിരിക്കുന്നു,
ഉരുകിത്തീരാറായ മനസ്സല്‍പ്പം
തണുക്കാന്‍..
ആകെയൊന്നു മുക്കി,
അകവും പുറവും തണുപ്പിക്കാനൊ-
രകാല വര്‍ഷവും കാത്തു കാത്തിങ്ങനെ…
By
ധനേഷ് കാട്ടൂപ്പാടത്ത്.
…പ്രണയമോ,സ്നേഹമോ?… മാര്‍ച്ച് 22, 2010
അപ്പോളവന് കാഴ്ച്ചയുണ്ടായിരുന്നു,
അവള്‍ക്കും.
അവളോടന്നവന്‍ പറഞ്ഞു ,
നിന്നെ ഞാന്‍ പ്രണിയിക്കുന്നു..
കടലോളം.
നിന്റെ മുഖമെത്ര സുന്ദരം,
കണ്ടിട്ടും
കണ്ടിട്ടും മതിവരുന്നില്ലവനെന്നു.
അവളുമവനെ പ്രണയിച്ചു..
പിന്നീടൊരിക്കലവള്‍ ചോദിച്ചു
നീയെന്നെ പ്രണയിക്കുന്നുവോ ?
ഇല്ലെന്നായിരുന്നവന്റെയുത്തരം.
അപ്പോളവന് കാഴ്ച്ചയില്ലായിരുന്നു.
കാണാനവളുടെ സുന്ദര മുഖവും ;
കാലമതൊക്കെ തിരിച്ചെടുത്തു.
കാണാത്തതൊന്നിനെ ഞാനറിയുന്നില്ല,
കാണാതെങ്ങനെ പ്രണയിക്കും ?
പ്രണയം വെറും കാഴ്ചകള്‍ മാത്രം.
എന്നിട്ടവന്‍ പറഞ്ഞു,
സ്നേഹമാണെനിക്കിപ്പോള്‍,
കടലോളം.
ഈയന്ധകാരം മുഴുവന്‍ നീ മാത്രമാണ്,
സ്നേഹം മാത്രമാണ് ,
അതിനു മുഖം വേണ്ട,
നല്ലൊരു പേര് പോലും വേണ്ടതിനു.
അകേതുവാണത്,
രൂപമില്ല,മണമില്ല,
കൊഞ്ചുന്ന മൊഴികളും വേണ്ടതിന്.
പക്ഷെ,
നിന്റെ നെഞ്ചിലെ തുടിപ്പെനിക്കറിയാം
തൊട്ടറിയാം,
നിന്റെ പുഞ്ചിരിയും, കണ്ണുനീരും,
ഞാനെന്റെ അകക്കാമ്പിലറിയും.
അപ്പോളവന് സ്നേഹമായിരുന്നതു-
മാത്രമായിരുന്നവളോട് .
അപ്പോളവള്‍ക്കും
കാഴ്ച വേണ്ടെന്നു തോന്നി,
അന്ധമാം സ്നേഹത്തെ സ്നേഹിക്കാന്‍ കാഴ്ച്ചയെന്തിനു?
ബാഹ്യമാണ് നീ,
വെറുമാകര്‍ഷണം.
മികച്ചതൊന്നു കാണുമ്പോള്‍
നീ അങ്ങോട്ടടുക്കും ,
കാലം നിന്നെ മായ്ചു കളയും,
അക്ഷണികമല്ല നീ ,
വെറും
ക്ഷണികമാണ് നീ ,
ക്ഷണമാത്രമേ നീയുള്ളൂ .
പുറം മോടിയില്‍ മാത്രമാണ്
നിന്റെ നോട്ടം.
നിന്നെ പ്രണയിക്കാന്‍
നിന്റെ മേനി വേണ്ടിയിരുന്നെനിക്ക് .
അതിനെയാണ് ഞാന്‍ പ്രണയിച്ചത് .
എനിക്ക് പ്രണയിക്കാന്‍
നീ വേണമായിരുന്നു .
ഇപ്പോളത് വേണ്ട ,
നാളെ നീയില്ലെങ്കി-
മെന്നെനീ വിട്ടകന്നാലും
നിന്നെ ഞാന്‍ സ്നേഹിക്കും.
ജീവന്റെയൊരു തരിയെങ്കിലും ബാക്കിയാവോളം.
നിന്നെയും, പൂക്കളെയും
പൂമ്പാറ്റയേയും, പൂത്ത മരങ്ങളെയും
ഞാന്‍ പ്രണയിക്കുക മാത്രമായിരുന്നു.
പാറിപ്പറന്നു ചിറകറ്റു വീണ,
പൂമ്പാറ്റയെ ഞാന്‍ പ്രണയിച്ചില്ല.
കൊഴിഞ്ഞു വീണ പൂക്കളെ,
ഞാന്‍ പ്രണയിച്ചില്ല.
ഇല കൊഴിഞ്ഞുണങ്ങിയ മരങ്ങളെയും
ഞാന്‍ പ്രണയിച്ചില്ല.
നൊന്തില്ലെന്റെ മനസ്സപ്പോഴോന്നുമൊ-.
ഴുക്കിയില്ലവര്‍ക്കുവേണ്ടിയൊരിറ്റു-
കണ്ണുനീര്‍ത്തുള്ളി ഞാന്‍ .
സ്നേഹമാണെനിക്കിന്നവയോട്
കണ്മറഞ്ഞവയും,
കാണാതെ മറഞ്ഞിരിക്കുന്നതിനേയും,
അറിയുക, സ്നേഹത്തെ,
സത്യമതുമാത്രമാണ-
ന്നുമിന്നുമെന്നും.
By
ധനേഷ് കാട്ടൂപ്പാടത്ത്.

അഭിപ്രായങ്ങള്‍..