ധനേഷ് കാട്ടൂപ്പാടത്ത്…….

എന്റെ ഓര്‍മ്മകള്‍ , എന്റെ വാക്കുകള്‍….

സിനിമയും അഭിനയവും പിന്നെ ഞാനും… ഡിസംബര്‍ 27, 2009

Filed under: കഥ — dhaneshka @ 2:29 പി‌എം
Tags: , ,

ഇത് എന്റെ ഒരാഗ്രഹത്തിന്റെ കഥ..ചുരുക്കി പറഞ്ഞാല്‍ ഒരു എപ്പിസോടായും , വലിച്ചു നീട്ടിയാല്‍ ഒരു മെഗാ സീരിയലായും പറയാവുന്നത്…..എന്തായാലും മൂന്നു നാല് ഷോട്ടില്‍ പറഞ്ഞുതീര്‍ക്കാം …
പണ്ട്..പണ്ട് ..വളരെപ്പണ്ടല്ല..കുറുക്കനും കോഴിയുമൊക്കെ ഉണ്ടായിക്കഴിഞ്ഞു ,കുറച്ചു പണ്ട് അതായത് ഈയുള്ളവന്‍ സ്കൂളില്‍ പഠിക്കുന്ന സമയം …നല്ല സമയം ..എന്നും ഓര്‍ക്കുന്ന സമയം…വിളിക്കാന്‍ മൊബൈലോ സിനിമ കാണാന്‍ സീഡിയോ ഇല്ലാത്ത കാലം…സൂര്യന്‍ അങ്ങ് കിഴക്കുദിച്ചു, അപ്പൊ ഒരാഗ്രഹം മനസ്സിലുമുദിച്ചു ..വല്ലാത്തോരാഗ്രഹം…സിനിമ കാണാന്‍ പോകണമെന്ന് നമ്മളൊക്കെ ആഗ്രഹിക്കുന്ന സമയം..ഈയുള്ളവന്‍ കുറച്ചൂടെ കടന്നു ചിന്തിച്ചു..ആഗ്രഹിച്ചു..തീവ്രമായി..വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് സിനിമയില്‍ അഭിനയിക്കണമെന്ന് ! ആഗ്രഹങ്ങള്‍ക്കവസാനമില്ല എന്നാണല്ലോ..അങ്ങിനെ ഞാനുമാഗ്രഹിച്ചു..സ്വപ്നം കണ്ടു..
രാജാവിന്റെ മകനില്‍ ലാലേട്ടന്‍ പറയുന്നതുപോലെ “കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും” ..അതുപോലെ സിനിമാമോഹം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികം ..ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും യാന്ത്രികം..അങ്ങിനെ നവരസങ്ങള്‍ മുഖത്ത് വിരിയിക്കുന്ന ഒരു യന്ത്രമായിമാറാന്‍ ഞാന്‍ ആഗ്രഹിച്ചു ..അഭ്രപാളികളില്‍ മിന്നിമറയുന്ന എന്റെ മുഖം ഞാന്‍ മനസ്സിനകത്തെ വലിയ സ്ക്രീനില്‍ കണ്ടു…..സന്തോഷിച്ചു..എന്നെത്തന്നെ വിമര്‍ശിച്ചു… ..ചതിയന്‍ ചന്തുവായും, കൊലയാളി പവനായിയായുമൊക്കെ ഞാന്‍ എന്റെ മുഖം മനസ്സില്‍ കണ്ടു..വീണ്ടും സന്തോഷിച്ചു..മമ്മൂക്കയെയും ,മോഹന്‍ ലാലിനെയുമൊക്കെ അന്ന് നേരില്‍ കണ്ടിട്ടില്ലെങ്കിലും എന്റെ സഹപ്രവര്‍ത്തകരായി കണ്ടു തുടങ്ങി..ഞാനവരുടെ തോളത്തു കയ്യിട്ടു… എന്റെ നായികമാരെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഞാന്‍ തിരഞ്ഞെടുത്തു…അവരിലൊരാളെ പ്രണയിച്ചു, കെട്ടി അങ്ങനെ ഒരു കലാ കുടുംബം കെട്ടിപ്പടുക്കുന്നതും പാട്ട് പാടുന്നതും കുതിരപ്പുറത്തു കയറി വില്ലനെ അടിച്ചു താഴെയിടുന്നതും..നായികയെ കെട്ടിപ്പിടിക്കുന്നതും ഒക്കെ മനസ്സില്‍ കണ്ടു… 🙂

ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ നമ്മളൊക്കെ എന്നേ കുതിരസവാരി നടത്തുമായിരുന്നു…കുതിരയില്ലാത്തതുകൊണ്ട് …അതങ്ങിനല്ലാതതുകൊണ്ട് ആഗ്രഹം സഫലീകരിക്കാന്‍ എന്ത് വഴി എന്ന് ചിന്തിച്ചു…സ്കൂളില്‍ പണ്ടൊരു നാടകത്തില്‍ ഒരു ഭടനായി അഭിനയിച്ചത് ഞാനോര്‍ത്തു..അതുകൊള്ളാം..വലുതല്ലെങ്കിലും ചെറിയൊരു വേഷം..എന്റെ കന്നി വേഷം …പക്ഷെ സംഭാഷണം കുറവായിരുന്നു..ഭാവാഭിനയം മാത്രം..സഹായത്തിനൊരു കുന്തം മാത്രം..അങ്ങനെ വെറുമൊരു കുന്തം കൊണ്ട് സദസ്സ് കീഴടക്കിയതോര്‍ത്തപ്പോള്‍ എനിക്ക് കൂടുതല്‍ മതിപ്പ് തോന്നി ..അടൂരിനേയും ഷാജി എന്‍ കരുണിനെയുമൊക്കെ ഞാന്‍ മനസ്സിലോര്‍ത്തു..ഇനിയിപ്പോ ലാലേട്ടനെപ്പോലെ വല്ല കഥകളിക്കാരനോ ,ആട്ടക്കാരനോ ആകേണ്ടി വന്നാലും ഞാന്‍ തിളങ്ങും..അതിനുള്ള ഭാവമെല്ലാം കയ്യിലുണ്ടല്ലോ …. പിന്നെ അഭിനയിച്ചത് ഒരു ഇംഗ്ലീഷ് നാടകത്തിലും ഹിന്ദി(?) നാടകത്തിലുമാണ് ..ആദ്യത്തേതില്‍ പ്രധാനപ്പെട്ട റോള്‍ ആയിരുന്നു..വില്ലന്റെ..അതും നിസ്സാരക്കാരനല്ല കഥാകാരന്‍..സാക്ഷാല്‍ വില്ല്യം ഷേക്ക്‌സ്പിയര്‍..അദ്ദേഹത്തിന്റെ മെര്‍ച്ചന്റ് ഓഫ് വെനീസിലെ വില്ലനായ ഷയീ ലോക്ക്..കീരിക്കാടനെയും…എം എന്‍ നമ്പിയാരേയുമൊക്കെ ഞാന്‍ എന്നിലേക്ക്‌ തന്നെ ആവാഹിച്ചു. ഇംഗ്ലീഷ് വാചകങ്ങള്‍ എടുത്തു ചാട്ടുളിപോലെ തലങ്ങും വിലങ്ങും പ്രയോഗിച്ചു..സാക്ഷാല്‍ ഷേക്ക്‌സ്പിയര്‍ പെട്ടിയില്‍ നിന്നെണീറ്റ് വന്നെനിക്കു കയ്യ് തരുമെന്ന് കരുതി…മികച്ച നടനുള്ള സമ്മാനം എനിക്കുതന്നെന്നു കരുതി ചങ്കുപൊട്ടി അഭിനയിച്ചു..പക്ഷെ അങ്ങിനൊരു സംഭവം ഇല്ലെന്നു പിന്നീടാണ് മനസ്സിലായത്‌ 😦

അങ്ങനെ മലയാളത്തിലും,ഇംഗ്ലീഷിലും വെന്നിക്കൊടി പാറിച്ച് ഞാന്‍ ഹിന്ദിയിലേക്ക് തിരിഞ്ഞു..
ഹിന്ദി നാടകത്തിലും പ്രധാന റോള്‍ എനിക്കായിരുന്നു..സംഭാഷണവും കൂടുതല്‍..പക്ഷെ ഭാവങ്ങളില്ല..അനങ്ങില്ല..നടക്കില്ല…അതെ അതെന്തു കുന്തം..കുന്തമല്ല..ഒരു മരം..അങ്ങനെ മരമായി അഭിനയിക്കാമെന്നും ഞാന്‍ തെളിയിച്ചു 🙂 ഒരു പക്ഷെ ആ ഭാഗ്യം അധികം പേര്‍ക്ക് കിട്ടിക്കാണില്ല ….മരങ്ങള്‍ വെട്ടരുതെന്നും നട്ടുപിടിപ്പിക്കണമെന്നുമൊക്കെ ഒരു മരം തന്നെ പറയുന്നതാണ് കഥാ സന്ദര്‍ഭം…എന്തോ അതുകണ്ടിട്ട് എത്രപേര് മരം നട്ടുവളര്‍ത്തിയെന്നെനിക്കറിയില്ല….അതും ഒരു കൊടുമുടി കീഴടക്കിയ ഭാവത്തില്‍ ഞാന്‍ അഭിനയിച്ചവസാനിപ്പിച്ചു …എന്തോ പിന്നെ അധികം നാടകങ്ങള്‍ എന്നേ തെടിവന്നില്ല..ചെലപ്പോ എന്നെ ഉള്‍ക്കൊള്ളാന്‍ പറ്റിയ കഥാപാത്രങ്ങളില്ലാഞ്ഞിട്ടയിരിക്കുമെന്നു ഞാന്‍ കരുതി…സമാധാനിച്ചു…

നാടകത്തിലെ അനുഭവം മാത്രം പോര സിനിമയിലഭിനയിക്കാന്‍ എന്ന് എനിക്ക് തോന്നി..പിന്നെന്തു വഴി ? അന്ന് മിമിക്രിക്കാരുടെ കാലം..ആര്‍ക്കും ആരെ വേണമെങ്കിലും അനുകരിക്കാം ..പട്ടിയെയും പൂച്ചയെയും ..എന്തിനു വെടിക്കെട്ട്‌ വരെ അനുകരിക്കാം .എനിക്കും തോന്നി അതുവഴി പിടിച്ചു കയറിയാലോന്നു..നിലയില്ലാ കയത്തില്‍ നീന്തുന്നവന് പിടിച്ചു കയറാന്‍ ഒരു കച്ചിത്തുരുംബ്. ദിലീപും ജയറാമുമൊക്കെ എന്റെ മുന്നില്‍ വന്നു എന്നെ മാടി വിളിക്കുന്നതായി തോന്നി…ഞാന്‍ ആരൊക്കയോ ആയി മാറുന്നതുപോലെ തോന്നി …ജയനും പരീക്കുട്ടിയുമൊക്കെ എന്നിലൂടെ സംസാരിക്കാന്‍ ആരംഭിച്ചു ..എന്റെ ശബ്ദം എനിക്ക് നഷ്ടപ്പെടുന്നത് പോലെ തോന്നി..ലാലും സുരേഷ് ഗോപി ചേട്ടനുമൊക്കെ വന്നും പൊയ്ക്കൊണ്ടുമിരുന്നു …അങ്ങനെ അതിനുള്ള അവസരവും കിട്ടി..അങ്ങനെ മിമിക്രിയും ഓക്കേ..അപ്പൊ എനിക്കുതോന്നി ഞാന്‍ അഭിനയമെന്ന പരീക്ഷ പാസ്സായെന്നു.. അങ്ങനെ ആക്ഷന്‍ പറയുന്നതും കാത്തു കാത്തു ഞാനങ്ങനിരുന്നു..കാലം അങ്ങനെ ഇഴഞ്ഞും മുടന്തിയുമൊക്കെ കടന്നു പോയി …
അങ്ങനെ സ്കൂള്‍ ജീവിതം അവസാനിക്കാറായി.. ആഗ്രഹങ്ങള്‍ അങ്ങിനെ പൊട്ടിമുളക്കാതെ മണ്ണില്‍ തന്നെകിടന്നു എന്നെ നോക്കി ഇളിക്കുന്നതായി എനിക്ക് തോന്നി….ഈശ്വരാ.. എല്ലാം വെറുതെയായല്ലോ..ഇനി എന്ത് ചെയ്യും എന്ന് തോന്നി..കയ്യില്‍ കാശുണ്ടെങ്കിലും മദ്രാസ്സിലേക്ക് കള്ളവണ്ടി കയറിയാലോ എന്ന് തോന്നി…പണ്ട് മുതലേയുള്ള കീഴ് വഴക്കം അങ്ങനാണല്ലോ ..അങ്ങിനാണല്ലോ പലരും വെള്ളിത്തിരയില്‍ എത്തിയത്..പക്ഷെ ഒന്നും ചെയ്യാന്‍ തോന്നിയില്ല…അങ്ങനെ എന്ട്രന്‍സ് പരീക്ഷയുടെ ഫലം വന്നു..അടുത്തുള്ള ഒരു കോളേജില്‍ അട്മിഷ്യനും കിട്ടി….അങ്ങിനവിടെ എല്ലാ സ്വപ്നങ്ങളും ഇറക്കി വച്ച്..വെറും കയ്യോടെ കയറിച്ചെന്നു.അവിടാണെ കാര്യമായ കലാ പരിപാടികളുമില്ല എന്നിലെ മുരളിയെയും തിലകനെയുമോക്കെ നമുക്കെടുത്തു പയറ്റാന്‍..അങ്ങനെ കാലം നീങ്ങി..അഭിനയമോഹമെല്ലാം എരിഞ്ഞടങ്ങി ..അഭിനയവും മറന്നു …വീടുണ്ടാക്കാനും ഡാമു പണിയാനുമൊക്കെ പഠിച്ചു..ഇന്നിപ്പോ ഒരു എന്ജിനീയറായി ജീവിക്കുന്നു..പക്ഷെ സിനിമയോടുള്ള പഴയ ആ അഭിനിവേശം മാത്രം മായാതെ മനസ്സിന്റെ ഏതോ കോണില്‍ തൂങ്ങി കിടപ്പുണ്ട്.. അങ്ങിനെ കെടന്നാടുന്നുണ്ട്… ചിലപ്പോഴൊക്കെ തോന്നും ഞാന്‍ ഇങ്ങനായതുകൊണ്ട് മലയാള സിനിമക്കുണ്ടായ നഷ്ടം എത്രതോളമാണെന്ന്..ഒരുപക്ഷെ മുരളിയെയും രാജന്‍ പി ദേവിനെയുമൊക്കെ നഷ്ടപ്പെട്ടപ്പോഴുണ്ടായതിലേറെ…:) അവാര്‍ഡും പതക്കവുമൊക്കെ അടുക്കിവെക്കാന്‍ ഉദ്ദേശിച്ച അലമാരിയിലേക്ക് നോക്കുമ്പോള്‍ എവിടക്കയോ എന്തൊക്കയോ നഷ്ടമായെന്നു തോന്നും ..പക്ഷേ കിട്ടിയതും സ്വന്തമാക്കിയതുമല്ലേ നമുക്ക് നഷ്ടപ്പെടൂ..? എനിക്ക് കിട്ടാതെ പോയതാണെല്ലാം അതുകൊണ്ട് ഒന്നും നഷ്ടപ്പെട്ടിട്ടില്ല ..ജിവിതം ഒരുപാട് ബാക്കിയുണ്ട്..ഒരു തിരക്കഥാക്രത്തോ സംവിധായകനോ ആയാല്‍ കൊള്ളാമെന്നിപ്പൊ തോന്നണു.. വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം.. 🙂

Advertisements
 

…വീണ്ടും ചില പ്രണയകാര്യങ്ങള്‍… ഡിസംബര്‍ 25, 2009

Filed under: കഥ — dhaneshka @ 4:05 പി‌എം
Tags: , , ,

ഇന്ന് ക്രിസ്തുമസ് …ഈ വര്ഷം അവശേഷിക്കുന്നത് ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം .. കുറച്ചേറെ മണിക്കൂറുകള്‍..വളരെയധികം നിമിഷങ്ങള്‍ ‍…നിമിഷങ്ങളിലാണ് ജീവിതമെന്ന മൊബൈല്‍ കമ്പനിക്കാരുടെ കണ്ടെത്തല്‍ ശരിവക്കുമ്പോ ഇനിയും ഒരുപാട് ജീവിതം ബാക്കിയുണ്ട് ..അല്ലെ? ഈ വര്ഷം ജീവിച്ചുതീര്‍ത്ത നിമിഷങ്ങള്‍ ഓര്‍ക്കുകയായിരിക്കും..വിലയിരുത്തുകയായിരിക്കും നമ്മളിലധികവും..കിട്ടാതെ പോയതും..കിട്ടിയിട്ട് പോയതും …നിനയ്ക്കാതെ വന്നതും.. വഴിതെറ്റി വന്നതും…അങ്ങനൊരുപാട് കാര്യങ്ങള്‍ .. എന്തായാലും സംഭവിച്ചതെല്ലാം നല്ലതിന്.. സംഭവിക്കുന്നതും..ഇനി വരാനുള്ളതുമെല്ലാം നല്ലതിന്..അങ്ങിനെ കരുതാം…നമ്മളാരും ഒന്നും കൊണ്ടുവരാത്ത സ്ഥിതിക്ക് ഒന്നും നഷ്ടപ്പെടാനില്ല .. കിട്ടിയതെല്ലാം ബോണസ് ..
കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു പ്രണയത്തെക്കുറിച്ച് കുറച്ചൂടെഴുതണമെന്ന്..അപ്പൊ ഞാനോര്‍ത്തത് ഇതാണ്..പ്രണയമെന്ന ഡിഗ്രി പരീക്ഷ രണ്ടു തവണ എഴുതി പാസ്സ് മാര്‍ക്കുപോലും വാങ്ങാന്‍ സാധിക്കാതെ അങ്ങിനെ ഇരിക്കണ ഞാന്‍ ഇനിയും എഴുതിയാ ശരിയികാമോന്നു ..മോടറേഷനുള്ള മാര്‍ക്കുപോലും കിട്ടിയില്ല 😦
അപ്പോ ഫസ്റ്റ്ക്ലാസ്സും റാങ്കുമൊക്കെ വാങ്ങിയ ബുജികളെ വേദനിപ്പിക്കില്ലേ എന്ന്.. അപ്പോഴാണ് നമ്മുടെ വിജയന്റെ വാക്കുകളോര്‍മ്മ വന്നത് ..പ്രീഡിഗ്രി അത്തരം മോശം ഡിഗ്രിയൊന്നുമല്ല…മതി..അങ്ങിനെ പറയാന്‍ ഒരാളെങ്കിളുമുണ്ടല്ലോ ..അതും ചില്ലറക്കാരാനല്ല ..ഒരു വല്ല്യ CID ….അപ്പോ ധൈര്യമായിട്ട് മുന്‍പോട്ടു പോകാം … അല്ലേ ?
നിങ്ങള്ക്ക് ഒരാളോട് പ്രണയം തോന്നിയെന്നു കരുതുക..കരുതാനേ പാടുള്ളൂ! കാരണം സംഭവം തീകൊണ്ടുള്ള കളിയാണ്..തൊട്ടാല്‍ പൊള്ളും… ഒരു വ്യവസ്ഥ ആകുംവരെ.. അപ്പൊ അടുത്ത പടിയെന്താണ്..അതെ അതാണ്‌..സംഭവം അയാളെ അറിയിക്കുക…ഒരുപക്ഷെ ആ മൂന്നു വാക്കുകളായിരിക്കും നിങ്ങളെന്നും ഓര്മ്മിക്കുക ..ഓര്‍മ്മിക്കാനാഗ്രഹിക്കുക..മുന്പേ പറഞ്ഞതുപോലെ പറയാതെ പോയൊരു വാക്കിന്റെ പേരില്‍ പിന്നീടൊരിക്കലും ദുഖിക്കരുത് …പോയാലൊരു വാക്ക്..കിട്ടിയാലൊരു ചാക്ക്(?)..അപ്പൊ അതിനെന്തു വഴി? ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം എങ്ങനെ സംഭവം അറിയിക്കും? ഇനിയിപ്പോ രണ്ടുപേര്‍ക്കും ഇതേ വികാരമാണ് മനസ്സിലെങ്കില്‍ പിന്നെ എല്ലാം എളുപ്പം..ഒന്നും പറയാതെതന്നെ പറയും..ഇഷ്ടം മനസ്സിലൂടെ പറയും..ഒരുതരം ടെലിപ്പത്തി ..:) അപ്പൊ ഇതെങ്ങനെ അവതരിപ്പിക്കുമെന്നതാണ് വിഷയം..വാക്കുകളേക്കാള്‍ പറയുന്ന രീതിയാണ് പ്രധാനം..വാക്കുകള്‍ ഹൃദയത്തില്‍ നിന്ന് വരണം..അന്ന് അച്ചടിഭാഷയില്‍ പറഞ്ഞത് വിനയായെന്ന് ഇപ്പൊ എനിക്ക് തോണുന്നു 😦 ..മൊബൈലും ഇ മെയിലും, ഫീമെയിലുമൊന്നും കണ്ടുപിടിച്ചിട്ടില്ലാത്ത കാലത്ത് ഇതും സ്ലോ ആയിരുന്നു..വൈറസ്‌ കയറിയ കംബ്യൂട്ടര്‍ പോലെ .. റിസ്ക്കും കൂടുതല്‍.. അപ്പോള്‍ ഈയുള്ളവന്‍ ചെയ്തതുപോലെ ചുമ്മാ വഴീപോയി അവള് വരുന്നതും കാത്തു ഈച്ചയടിച്ചു നില്‍ക്കാം..അത്ര തന്നെ..ഇനി അവള് വന്നില്ലെങ്കിലോ? കാണുന്ന നാട്ടുകാര്‍ക്കെന്തു തോന്നും..അല്ലെങ്കി നിക്കുന്ന നമുക്കെന്തു തോന്നും..ഇങ്ങനെ നൂറു നൂറു തോന്നലുകള്‍ മനസ്സിലൂടെ കടന്നു പോകും… ചെലപ്പോ അവളും കടന്നുപോകും..അതുകൊണ്ട് ശ്രദ്ധിക്കുക .. ഇനി അവള് വല്ല ഒച്ചയുമെടുത്താലോ? ആനപ്പുറത്തിരിക്കാന്‍ മോഹിച്ചവന്‍ ശൂലത്തീ കേറിയപോലാകും അവസ്ഥ…ആവശ്യക്കാരന് ഔചത്യമില്ലെന്നു പണ്ടാരോ പറഞ്ഞതിന്റെ പേരില്‍ അങ്ങനെ നില്‍ക്കുക തന്നെ … (വളവില്‍ നില്‍ക്കുന്നതായിരിക്കും നല്ലത് ) ..

ഈ മൊബൈല്‍ യുഗത്തില്‍ ഈ പറഞ്ഞ സംഭവം വളരെ പെട്ടന്ന് നടക്കും.. അതും ഒരുസമയം ഒരാളോടല്ല ഒന്നിലധികം പേരോട് ..ഒരു വെടിക്ക് കുറെയേറെ പക്ഷികള്‍ ..എല്ലാം ഒരു ബട്ടന്റെ കളി … എല്ലാം അതിവേഗം..അതിവേഗം ബഹുദൂരം ..മേപ്പടി പ്രണയം(ങ്ങള്‍) തോന്നിയാല്‍ ഒരു SMS അയക്കണ സമയമേ വേണ്ടൂ വിവരമറിയാന്‍ …ഉത്തരം ദേണ്ടെ വരുന്നു ..എല്ലാം പെട്ടെന്ന് കഴിയും(?) ..ഇനി അങ്ങിനെ അറത്തുമുറിച്ചു എഴുതിയയയ്ക്കാന്‍ പേടിയാണേ വഴിയുണ്ട്..അല്പം വളഞ്ഞ വഴി ..റിസ്ക്കും കുറവ് …സംഭവം വളഞ്ഞാണെങ്കിലും അവിടെത്തിച്ചേരും ..അതാ ഈ മൊബൈലിന്റെ ഒരു ഗുണം..അപ്പോ പറഞ്ഞുവന്നത് .. അവിടയും ഇവടെയും തൊടാതെ പക്ഷെ എന്തോ ഒരു ‘ഇത് ‘ ഉണ്ടെന്നു തോന്നിക്കണ സന്ദേശം അങ്ങ് വിടുക..എന്നിട്ട് കര്‍ത്താവിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക… ..അങ്ങേരാണല്ലോ അയല്‍ക്കരെയൊക്കെ സ്നേഹിക്കാന്‍ പറഞ്ഞത് …അപ്പോ സന്ദേശം സ്വന്തമായിട്ടുണ്ടാക്കാന്‍ പറ്റില്ലെങ്കില്‍ വെഷമിക്കണ്ട..ഇനി ചെലപ്പോ ഉണ്ടാക്കിയാ വെളുക്കാന്‍ തേച്ചത് പാണ്ടായെന്നും വരാം അതുവേണ്ട ..അപ്പോ ഇനി എന്ത് വഴി..അതിനും ഉണ്ട് വഴി.. ഇന്റര്‍നെറ്റില്‍ ഇങ്ങനെപ്പോലുള്ളവരെ സഹായിക്കാനായി ഒരുപാട് ഉദാരമനസ്കര്‍ ഊണും ഉറക്കോം കളഞ്ഞു സൈറ്റും അലമാരേം തുറന്നുവച്ചിരിപ്പുണ്ട്. അവടന്നൊരണ്ണം തപ്പിപിടിച്ച് അയക്കുക.. എന്നിട്ട് കാത്തിരിക്കുക ..വിവരം ഉടനെ അറിയും..അവിടന്നും ഏതാണ്ടിതുപോലോന്നാണ് വരുന്നേ പിന്നെ ഒന്നും നോക്കണ്ട..success!ഇനിയിപ്പോ എല്ലാരും അയച്ചില്ലെ ഒരാളെങ്കിലും അയക്കുമായിരിക്കും..ഇനിയിപ്പോ ഉത്തരം പ്രതികൂലമാണെങ്കില്‍ അനുകൂലമാക്കാന്‍ കച്ച മുറുക്കിയെറങ്ങുക … അല്ലെങ്കി പുതിയ മേച്ചില്‍പാടം തേടി പോവുക …വാ കീറിയ ദൈവം തിന്നാനും തരും..വരാനുള്ളതൊന്നും വഴീ തങ്ങില്ല …
ഇനിയുമുണ്ട് ഒരുപാട് പറയാന്‍..ഇനി നാളെ പറയാം..അഭിപ്രായങ്ങള്‍ അറിയിക്കുക…

*************************

വീണ്ടും സ്വാഗതം..ഇന്നലെ ഒന്നും എഴുതാന്‍ പറ്റിയില്ലാ..അതിനുള്ള ഒരു മൂട് തോന്നിയില്ല .. ഹോസ്പിറ്റിലില്‍ പോയിരുന്നു ..ഈയുള്ളവന്‍ കിടപ്പിലാണ്… ഒരു bike ആക്സിടെന്റ്… ഇനി മൂക്കും വേറെ ചില സംഭവങ്ങളുമൊക്കെ ഉണ്ടാക്കി പിടിപ്പിക്കണം ..ഒന്നും തീരുമാനമായില്ല. നാളെയെക്കുറിച്ചുള്ള ആശങ്കകള്‍ പതുക്കെ വേട്ടയാടിത്തുടങ്ങി…എന്താകുമെന്നോന്നും ഇപ്പൊ അറിയില്ലാ..അല്ലെങ്കി 5 മിനിട്ട് എങ്ങും അടങ്ങിയിരിക്കാത്ത ഞാന്‍ കുത്തിയിരുന്ന് ഒരാശ്വാസത്തിന് വേണ്ടിയാണ് ഈ ബ്ലോഗ്‌ എഴുതിതുടങ്ങിയത്.. അപ്പൊ പറഞ്ഞുവന്ന കാര്യത്തിലേക്ക് പോകാം..അല്ലെ?

അപ്പൊ സംഭവം അവതരിപ്പിക്കാന്‍ രണ്ടു ലളിത മാര്‍ഗങ്ങള്‍ പറഞ്ഞുകഴിഞ്ഞു..ആര്‍ക്കും എപ്പൊവേണമെങ്കിലും പരീക്ഷിചു നോക്കാവുന്നതാണ് …നിങ്ങളില്‍ പലരും പരീക്ഷിച്ചു വിജയിച്ചതോ അല്ലെങ്കി ചെലപ്പോ സമയദോഷംകൊണ്ട് വിജയിക്കാതിരുന്നതോ ഒക്കെ ആവാം അത്..എന്തായാലും പരാജയം വിജയത്തിലേക്കുള്ള ചവിട്ടു പടികളായാതുകൊണ്ടും പിടിച്ചു കയറ്റാന്‍ ദൈവത്തിന്റെ കയ്കളുള്ളതുകൊണ്ടും ഇന്നല്ലെങ്കി നാളെ നിങ്ങളവിടെത്തിച്ചേരും..അങ്ങിനെ ആശിക്കാം.അപ്പൊ കുന്നും മലകളും കുഴിയുമൊക്കെ ചാടിയും ഓടിയും നീന്തിയും ഏന്തി വലിഞ്ഞുമൊക്കെ അവിടെത്തിയവരുടെ കാര്യമെങ്ങിനാ?അവരെന്തു ചെയ്യുന്നു ?അവിടെത്തിയവര്‍ ഇപ്പൊ നടന്നും,ഡ്യുയെറ്റു പാടിയുമൊക്കെ ആര്മാദിക്കുകയായിരിക്കും..അവരായി അവരുടെ പാടായി.. അതങ്ങിനെ തന്നെ പോകട്ടെ..അത് കാണുന്നത് നമുക്കൊരു സന്തോഷമല്ലേ? നിങ്ങളപ്പോ ചിന്തിക്കുന്നുണ്ടാകും അല്ലെങ്കി എന്നെങ്കിലും ചിന്തിച്ചി ട്ടുണ്ടാകും ഇതെവിടെച്ചെന്നവസാനിക്കുമെന്നു..അല്ലെങ്കി അതുവേണ്ട..അതവസാനിച്ചു കാണാന്‍ നിങ്ങളാഗ്രഹിക്കില്ല ..അല്ലേ?…ഉദ്ദേശിച്ചത് ഇതാണ്..ഇതിന്റെ ക്ലൈമാക്സ്‌ എങ്ങിനായിരിക്കും?രണ്ടും കെട്ടോ?അടിച്ചു പിരിയോ? അതോ വേറാരെങ്കിലും പിടിച്ചു കേട്ടിയിടോ ?എന്തായാലും ഇതിന്റെയൊക്കെ ആത്യന്തിക ലക്‌ഷ്യം വിവാഹമായിരിക്കുമെന്നു ഈയുള്ളവന്‍ കരുതുന്നു..ചിലര്‍ക്ക് നേരമ്പോക്കോ അല്ലെ വേറെന്തെങ്കിലുമൊക്കെ (?) ആയിരിക്കും അത് …..ഈ ഡേറ്റിംഗ് യുഗത്തില്‍ അല്ലെങ്കിലും അങ്ങിനെ വാശിപിടിക്കാനും പാടില്ല ..ഓരോ കാലഘട്ടത്തിലും മനുഷ്യന്റെ ചിന്തയും ലക്ഷ്യങ്ങളുമൊക്കെ മാറും..രൂപവും വേഷവിധാനങ്ങളും മാറും..ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാറും.എന്തായാലും ഈയുള്ളവന്റെ കൂടെ പഠിച്ചവര്‍ ജാതിയും മതവുമൊക്കെ വേറെയായിട്ടും തമ്മില്‍ വിവാഹിതരായത് ഇപ്പൊ ഓര്‍മ്മിക്കുന്നു …അപൂര്‍വമെങ്കിലും അങ്ങിനെ സംഭവിക്കുന്നത് നല്ലത് …മലയാള സിനിമയില്‍ കൂടുതലും നായികാ നായികന്മാര്‍ അവസാനം സ്ടുണ്ടും അടിയും വെടിയുമൊക്കെയായി ഒത്തുചേരുന്നതാണ് കണ്ടുവരുന്നത്‌..നമുക്കും അതല്ലേ ഇഷ്ടം..അങ്ങനെ വില്ലന്മാരെയൊക്കെ അടിച്ചു തുരുത്തി നായകന്‍ നായികയെ സ്വന്തമാക്കുന്നു…പക്ഷെ പിന്നെടെന്തു സംഭവിക്കുന്നു എന്ന് ഒരു സിനിമയിലും പറയുന്നില്ല …എന്തോ അതിനെപ്പറ്റി അറിയാന്‍ ആര്‍ക്കും താല്പര്യമില്ലെന്ന് തോന്നണു…അവരുടെ സ്നേഹം അങ്ങിനെതന്നെ ഉണ്ടാകുമോ അല്ലെ കൂടുമോ, കുറയുമോ എന്നൊന്നും പറയുന്നില്ല …ഇനി ചെലപ്പോ വേറെ വില്ലന്മാരാരെങ്കിലും അവരെ ശല്യപ്പെടുത്താന്‍ വരുമോ? അവര്‍ക്ക് കുട്ടികളുണ്ടാകുമോ? ഒന്നും പറയുന്നില്ല …അപ്പൊ അത് ജീവിച്ചു തന്നെയറിയുക….

ഒടുവില്‍ കിട്ടിയത് :
I have Spent Many Sleepless Nights,
In Your Love And i don’t want,
My Son 2 Do same 4 Your Daughter,
So lets make them Brother And Sister …

(തുടരും)