ധനേഷ് കാട്ടൂപ്പാടത്ത്…….

എന്റെ ഓര്‍മ്മകള്‍ , എന്റെ വാക്കുകള്‍….

…പാട്ട്… മാര്‍ച്ച് 31, 2010

Filed under: കവിതകള്‍ — dhaneshka @ 12:09 പി‌എം
Tags: , , ,

പേടിച്ചു പേടിച്ചാണൊടുവില്‍
വിളിച്ചത്,
ചാനലിലേക്ക് .
അവള്‍ക്കു വേണ്ടിയൊരു പാട്ട് വയ്ക്കാന്‍‍.
മനസ്സിലൊളിപ്പിച്ചതെല്ലാം,
വിളിച്ചു പറയുന്നൊരു പാട്ട്.
പേര് ചോദിച്ചപ്പോ
മാറ്റിപ്പറഞ്ഞു
പേടിയായിരുന്നു.
നാളെയാ പേടി മാറ്റു-
മതവളോട് പറയും.
അതുറപ്പിച്ചു.
സംശയിച്ചു..വെറുതെ,
അവളതു കേള്ക്കുമോയെന്നു.

അവളതു കേട്ടെന്നു തോന്നിയ-
പ്പോളവളുടെ പേരും,വയസ്സും
ടീവിയിലങ്ങിനെ തെളിഞ്ഞു കടന്നു പോയി,
പലവട്ടം..
കൂടെ വേറെ പേരുകളും ..
ബസ്സില്‍,
കോളേജിലേക്കുപോയയവള്‍
ചെന്ന് വീണത്‌ പുഴയിലായിരുന്നു ..
എന്നും കാണുന്ന പുഴ..
അവളുടെ പിടക്കുന്ന മുഖമപ്പൊ
കണ്ടു..
ഉള്ളൊന്നു പിടച്ചു,
പാട്ടപ്പോഴും തീര്‍ന്നിട്ടില്ലായിരുന്ന-
തപ്പോഴും പാടിക്കൊണ്ടേയിരുന്നു…
By
ധനേഷ് കാട്ടൂപ്പാടത്ത്.

Advertisements
 

കറുപ്പും വെളുപ്പും മാര്‍ച്ച് 28, 2010

ചോര്‍ന്നിട്ടില്ലെന്റെ വീടൊരിക്കലും,
കാറ്റുമുണ്ടായിരുന്നെ-
പ്പോഴുമകമാകെ.
എങ്കിലും,പക്ഷെയെന്തോ-
വെളിച്ചം കുറവായിരുന്നകത്ത്.

അതുകൊണ്ടാകാം,
കാറ്റധികമേറ്റിട്ടുമാകാം-
ഞാനാകെ കറുത്തിരുന്നു.
അതേല്‍ക്കാഞ്ഞിട്ടാകാ-
മവള്‍ വെളുത്തും.

ഒരിക്കലുമിണങ്ങാത്ത നിറങ്ങള്‍.

ഉറക്കമെന്നെ കയ്യൊഴിഞ്ഞപ്പോളാ-
ണൊരുനാള്‍ പാതിരയ്ക്ക് ഞാനിറങ്ങിനടന്നത്.
അന്നാണ് നിന്റെ
വീട് ഞാന്‍ കണ്ടത് .
വിളക്കണച്ചു നീ ,
വാതിലടച്ചിരുന്നു.

തുറന്നിട്ട ജനാലക്കപ്പുറം
നീയുണ്ടായിരുന്നകത്ത്.
പെയ്തിറങ്ങിയ നിലാവെളിച്ചത്തി-
ലന്നു ഞാന്‍ കണ്ടു.
നിനക്കപ്പോളെന്റെ
നിറം തന്നെ!.

ചോരാത്ത കൂരക്കടിയിലെ
മണ്ണോലിച്ചിരുന്നപ്പോഴും.
അപ്പോഴൊക്കെയും,
ഞാനായിരുട്ടത്തവിടെ-
നിന്റെ ജനാലക്കരികില്‍,
നിന്നെയും നോക്കി നിന്നു.
നിന്റെയൊരു നോട്ടത്തിനായി.

ഒടുവിലൊരു പാതിരാവില്‍
നീ ‍നിന്റെ നോട്ടം കൊണ്ടെന്നെ
വിളിച്ചകത്തുകയറ്റി.
ഞാനെന്റെ വെളിച്ചം കുറഞ്ഞ വീടും
വെളുത്തൊരവളെയുമിരുട്ടിലാക്കി
നിന്റെയിരുട്ടുമുറിയില്‍ കയറി.

പുലരുംവരെയുമൊരുമിച്ചു
കണ്ടു,
പല സ്വപ്നങ്ങളും ,
പലവട്ടം ശപിച്ചു മനസ്സില്‍,
കളഞ്ഞിട്ടുവന്നവളെ .
പലവട്ടം കെട്ടിപ്പുണര്‍ന്നു പരസ്പരമാ
യിരുട്ടിലങ്ങിനെ.

ഒടുവിലാസൂര്യാംശുവേറ്റു ഞാനു-
ണരവേ,
കണ്ടു ഞാന്‍ മുന്നിലായ്
നിന്‍ മുഖം,
വെട്ടിത്തിളങ്ങുന്നൊരാ മുഖമതപ്പോളാ
പകല്‍ വെളിച്ചത്തിലങ്ങിനെ
വെളുത്തു തുടുത്തിരുന്നു.!
By
ധനേഷ് കാട്ടൂപ്പാടത്ത്.

 

..പൊള്ളലുകള്‍.. മാര്‍ച്ച് 23, 2010

കുഞായിരുന്നപ്പോഴാണാദ്യം പൊള്ളിയത്‌..
അടുപ്പിലെ കഞ്ഞിക്കലതിന്റെ മൂടി
മുഖം നോക്കാനെടുത്തപ്പോഴായിരുന്നത് ,
അമ്മയതില്‍ വെള്ളമോഴിച്ചപ്പോളൊരു
വല്ലാത്ത സുഖം തോന്നി
പൊള്ളലിനുമൊരു സുഖമുണ്ടെന്നറിഞ്ഞു
അന്നാദ്യമായി .

ഉറക്കമിളച്ചും, എഴുതിയുണ്ടാക്കിയു-
മെഴുതിയ പരീക്ഷ ചതിച്ചപ്പോഴാണ്
പിന്നീട് പൊള്ളിയത് ,
വല്ലാതെ വേദനിച്ചു..
കാലമേറെയെടുത്തു
ചൂടൊന്നു മാറാന്‍‍.
അപ്പോളാ പഴയ സുഖം തോന്നിയില്ല.
അങ്ങിനെയും ചില
പൊള്ളലുണ്ടെന്നു തിരിച്ചറിഞ്ഞു.

വേദനകള്‍
തന്നിട്ട് പോകുന്നത്,
തിരിച്ചറിവുകളാണ്.

പ്രണയിനി
കൂടുതല്‍ കായ്ക്കുന്നൊരു മരം
തെടിപ്പോയപ്പോഴാണ്
പിന്നീട് പൊള്ളിയത്,
അതിന്റെ
വേദനയധികനാള്‍ നിന്നില്ല,
പക്ഷെ,
മനസ്സ് പകുതി വെന്തിരുന്നു.
പാതിവെന്ത മനസ്സുമായി കുറെയേറെ നാള്‍ .

ഒടുവില്‍,
പാതിവെന്ത മനസ്സുമായി
പ്രേയസിയെ കൂടെക്കൂട്ടി,
അല്‍പ്പമൊരാശ്വാസം തേടി.
പക്ഷെ,
വാക്കുകൊണ്ടും
നോട്ടം കൊണ്ടും,
ബാക്കി പകുതിയുമവള്‍
പൊള്ളിച്ചുകൊണ്ടിരുന്നു.

ഇടക്കൊക്കെ
അവളതില്‍ കുത്തിയുംനോവിച്ചു .
അവളാശിച്ചതും,
ചോദിച്ചതുമൊന്നും
കൊടുക്കാനൊരിക്കലും കഴിഞ്ഞില്ല.

യാത്രക്കിടയിലെവിടയോ-
അവളിറങ്ങി വേറെയേതോ
വണ്ടിയില്‍ കയറി.

ഇന്നിവിടെ
മുഴുവന്‍ വെന്ത
മനസ്സുമായി,
ഞാനീ പുഴയോരത്തിരിക്കുന്നു,
ഉരുകിത്തീരാറായ മനസ്സല്‍പ്പം
തണുക്കാന്‍..
ആകെയൊന്നു മുക്കി,
അകവും പുറവും തണുപ്പിക്കാനൊ-
രകാല വര്‍ഷവും കാത്തു കാത്തിങ്ങനെ…
By
ധനേഷ് കാട്ടൂപ്പാടത്ത്.

 

…പ്രണയമോ,സ്നേഹമോ?… മാര്‍ച്ച് 22, 2010

അപ്പോളവന് കാഴ്ച്ചയുണ്ടായിരുന്നു,
അവള്‍ക്കും.
അവളോടന്നവന്‍ പറഞ്ഞു ,
നിന്നെ ഞാന്‍ പ്രണിയിക്കുന്നു..
കടലോളം.
നിന്റെ മുഖമെത്ര സുന്ദരം,
കണ്ടിട്ടും
കണ്ടിട്ടും മതിവരുന്നില്ലവനെന്നു.
അവളുമവനെ പ്രണയിച്ചു..

പിന്നീടൊരിക്കലവള്‍ ചോദിച്ചു
നീയെന്നെ പ്രണയിക്കുന്നുവോ ?
ഇല്ലെന്നായിരുന്നവന്റെയുത്തരം.
അപ്പോളവന് കാഴ്ച്ചയില്ലായിരുന്നു.

കാണാനവളുടെ സുന്ദര മുഖവും ;
കാലമതൊക്കെ തിരിച്ചെടുത്തു.

കാണാത്തതൊന്നിനെ ഞാനറിയുന്നില്ല,
കാണാതെങ്ങനെ പ്രണയിക്കും ?
പ്രണയം വെറും കാഴ്ചകള്‍ മാത്രം.

എന്നിട്ടവന്‍ പറഞ്ഞു,

സ്നേഹമാണെനിക്കിപ്പോള്‍,
കടലോളം.
ഈയന്ധകാരം മുഴുവന്‍ നീ മാത്രമാണ്,
സ്നേഹം മാത്രമാണ് ,
അതിനു മുഖം വേണ്ട,
നല്ലൊരു പേര് പോലും വേണ്ടതിനു.

അകേതുവാണത്,
രൂപമില്ല,മണമില്ല,
കൊഞ്ചുന്ന മൊഴികളും വേണ്ടതിന്.
പക്ഷെ,
നിന്റെ നെഞ്ചിലെ തുടിപ്പെനിക്കറിയാം
തൊട്ടറിയാം,
നിന്റെ പുഞ്ചിരിയും, കണ്ണുനീരും,
ഞാനെന്റെ അകക്കാമ്പിലറിയും.

അപ്പോളവന് സ്നേഹമായിരുന്നതു-
മാത്രമായിരുന്നവളോട് .
അപ്പോളവള്‍ക്കും
കാഴ്ച വേണ്ടെന്നു തോന്നി,
അന്ധമാം സ്നേഹത്തെ സ്നേഹിക്കാന്‍ കാഴ്ച്ചയെന്തിനു?

ബാഹ്യമാണ് നീ,
വെറുമാകര്‍ഷണം.
മികച്ചതൊന്നു കാണുമ്പോള്‍
നീ അങ്ങോട്ടടുക്കും ,
കാലം നിന്നെ മായ്ചു കളയും,
അക്ഷണികമല്ല നീ ,
വെറും
ക്ഷണികമാണ് നീ ,
ക്ഷണമാത്രമേ നീയുള്ളൂ .
പുറം മോടിയില്‍ മാത്രമാണ്
നിന്റെ നോട്ടം.

നിന്നെ പ്രണയിക്കാന്‍
നിന്റെ മേനി വേണ്ടിയിരുന്നെനിക്ക്‌ .
അതിനെയാണ് ഞാന്‍ പ്രണയിച്ചത് .
എനിക്ക് പ്രണയിക്കാന്‍
നീ വേണമായിരുന്നു .

ഇപ്പോളത് വേണ്ട ,
നാളെ നീയില്ലെങ്കി-
മെന്നെനീ വിട്ടകന്നാലും
നിന്നെ ഞാന്‍ സ്നേഹിക്കും.
ജീവന്റെയൊരു തരിയെങ്കിലും ബാക്കിയാവോളം.

നിന്നെയും, പൂക്കളെയും
പൂമ്പാറ്റയേയും, പൂത്ത മരങ്ങളെയും
ഞാന്‍ പ്രണയിക്കുക മാത്രമായിരുന്നു.
പാറിപ്പറന്നു ചിറകറ്റു വീണ,
പൂമ്പാറ്റയെ ഞാന്‍ പ്രണയിച്ചില്ല.
കൊഴിഞ്ഞു വീണ പൂക്കളെ,
ഞാന്‍ പ്രണയിച്ചില്ല.
ഇല കൊഴിഞ്ഞുണങ്ങിയ മരങ്ങളെയും
ഞാന്‍ പ്രണയിച്ചില്ല.
നൊന്തില്ലെന്റെ മനസ്സപ്പോഴോന്നുമൊ-.
ഴുക്കിയില്ലവര്‍ക്കുവേണ്ടിയൊരിറ്റു-
കണ്ണുനീര്‍ത്തുള്ളി ഞാന്‍ .

സ്നേഹമാണെനിക്കിന്നവയോട്
കണ്മറഞ്ഞവയും,
കാണാതെ മറഞ്ഞിരിക്കുന്നതിനേയും,
അറിയുക, സ്നേഹത്തെ,
സത്യമതുമാത്രമാണ-
ന്നുമിന്നുമെന്നും.
By
ധനേഷ് കാട്ടൂപ്പാടത്ത്.

 

..വേനലിന്റെ വേദന.. മാര്‍ച്ച് 16, 2010

Filed under: കവിതകള്‍ — dhaneshka @ 12:03 പി‌എം
Tags: , , ,

ഞാനൊരു വേനലാണ്,
ഏതുമെന്തും കത്തിയെരിക്കുന്നവന്‍.
എല്ലാം കുടിച്ചു വറ്റിക്കുന്നവന്‍.
ഉമിനീരു വലിച്ചെടുത്തു സ്വയ-
മെരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ടവന്‍.

നിന്നെയാണേവരും കാത്തിരിക്കുന്നത് .
നീയാണാ പുതുവസന്തം.
കുളിര്‍ കാറ്റായി നീ വീശിയടിക്കും,
നിറമാരിയായി നീ പെയ്തിറങ്ങും.

ഞാന്‍ വലിച്ചെടുത്തെന്റെയാക്കിയതെല്ലാം,
തിരിച്ചു
കൊടുക്കുന്നതും നീതന്നെ.
ഒരു ഞൊടിയില്‍,
നീയതവര്‍ക്ക് തിരിച്ചു നല്‍കും.
വറ്റി വരണ്ട വായിലേക്ക് നീ,
തെളിനീരു ചൊരിയും.

പൂവും , പൂമ്പാറ്റയും
നദിയും , നാടും കാത്തിരിക്കുന്നത്
നിന്നെയാണ്.
നിനക്കാണവര്‍ സദ്യയൊരുക്കുന്നത്.
നീയാണവരുടെയതിഥി.

എന്നെയാരും ക്ഷണിക്കുന്നില്ല,
ക്ഷണമില്ലാതെയെ-
വിടെയുമെത്താന്‍
വിധിക്കപ്പെട്ടവന്‍ ഞാന്‍.
ആരുമില്ലാത്തവന്‍ ഞാന്‍.

കൊടും ചൂടടിച്ചു ഞാന്‍ ,
നീ തണുപ്പിച്ചതെല്ലാമാവിയാക്കും.
കാറ്റേറ്റു മയങ്ങിയ മിഴികളില്ലെല്ലാം
ഞാനെന്റെ രക്തം കൊണ്ട് മിഴിനീരൊഴുക്കും.
സ്വയം ഉരുകിയൊലിച്ചു,
ഞാനവരെയതില്‍ കുളിപ്പിക്കും.

സ്നേഹമാണവരോടെനിക്കെന്നും.
പക്ഷെ,
ഞാന്‍ പുല്‍കുംപോഴൊക്കെയു-
മെന്‍ കരങ്ങളിലവര്‍ പിടയുന്നു .
മിഴികളിലഗ്നിയാളുന്നു.
ഞെട്ടിത്തെറിച്ചവരോടി മറയുന്നു,
നിന്നെയും തേടി.

കേഴുന്നു ഞാന്‍ നിന്നോടെനിക്കു-
നീ നിന്റെ പാനപാത്രമേകുവാന്‍.
നിറക്കട്ടെ ഞാനൊരിക്കലെങ്കിലുമാ-
വെയിലേറ്റു വറ്റിയ നീര്‍തടങ്ങളെ.
നിറഞ്ഞു പെയ്യട്ടെ ഞാനാ
ചുടുകാറ്റ് വീശിയെരിഞ്ഞുണങ്ങിയ
തരിശു നിലങ്ങളില്‍.

കാണട്ടെ ഞാനൊരുവട്ടമെങ്കിലുമാ-
കണ്കളിലെനിക്കായ്യ് സ്ഫുരിക്കുന്നൊരാ
സ്നേഹത്തിന്‍ കണങ്ങളെ.
അവരറിയട്ടെ,
എന്നുള്ളിലുരുകും
ആത്മനൊമ്പരത്തെ.
By
ധനേഷ് കാട്ടൂപ്പാടത്ത്.

 

…തീവണ്ടി… മാര്‍ച്ച് 14, 2010

വിലകൂടിയ
ടിക്കറ്റെടുത്തവരായിരുന്നവര്‍.
എന്തിനും വിലയിടുന്നവരെന്തും‍-
വിലയ്ക്കെടുക്കുന്നവര്‍.
വില്‍ക്കാന്‍ മടിയുള്ളവരവര്‍‍.
വില്‍ക്കാന്‍ ഭയമുള്ളവര്‍‍.
അങ്ങിനൊരുകൂട്ടര്‍.

വലിയൊരു ചുമടുണ്ടവരുടെ കയ്യിലതില്‍-
പങ്കിട്ടെടുത്തതും,പറ്റിച്ചെടുത്തതും,
കാണാതെടുത്തതും,കയ്യിട്ടെടുത്തതും
തല്ലിട്ടെടുത്തതു-
മങ്ങിനെയെല്ലാം.

കുളിരായിരുന്നവര്‍ക്കിന്നുമെന്നുമതിലു- . .
ഷ്ണമവിടെയാ
ജനാല ചില്ലിനപ്പുറം
വഴിമുട്ടി നിന്നു.
ഇല്ലില്ലയെത്തില്ലയെ-
ത്തിപ്പെടില്ലൊരുനാളുമകത്തേക്ക്.

ഭയമായിരുന്നവര്‍ക്കടുത്തിരിക്കും-
മുഖങ്ങളെ,വെറുപ്പായിയുരുന്നാ
നീളുന്ന കയ്കളെ,
സ്നേഹം ചൊരിയുമാ-
ഹൃദയത്തെയും കണ്ടില്ലവര്‍.
വെച്ചു നീട്ടിയില്ലൊരിക്കലുമൊന്നുമാര്‍ക്കും.
മാറോടണച്ചു വെച്ചവരാ-
ക്കെട്ടിനെ,കൂടെയെപ്പോഴും.

വിശന്നപ്പോഴൊക്കെയുമവരുടെ-
യിടയിലവര്‍ കടിച്ചിരുന്നു,
അവര്‍ക്കൊറ്റയ്ക്കല്ലാതെയിറങ്ങില്ലൊരു-
തുള്ളി പോലും …
വലിയ സ്റ്റേഷനെത്തുന്നതും
നോക്കിയവരിരുന്നു.

അവിടെയതാ വേറെചിലര്‍.
വിലകുറഞ്ഞ ടിക്കറ്റുള്ളവര്‍,
ടിക്കറ്റില്ലാത്തവരവര്‍‍.
മടിയില്‍ ഭാരമില്ലാത്തവര്‍,
കയ്യിട്ടെടുക്കാനൊന്നുമില്ലാത്തവര്‍.
ഹൃദയത്തിലാ തണല്‍കൊണ്ടുനടക്കുന്നവര്‍.

തലച്ചുമടില്ലവര്‍ക്കു കയ്യ്-
വിട്ടു പോകുവാനു-
ള്ളതൊക്കെയുമാ ഹൃദയത്തിലുണ്ടതു –
നഷ്ടമാകില്ലയില്ലയീ പാരിലെങ്ങും‍.

കൂടെയുണ്ടായിരുന്നപ്പോഴുമവര്‍ക്കുകൂട്ടായി-
ചിലരൊക്കെയും.
ഉള്ളതൊക്കെയുമവര്‍-
തീരുവോളം പങ്കുവെച്ചു.
വിശപ്പും ദാഹവും തോന്നിയില്ലവര്‍ക്കൊട്ടുമേ.

ഇടക്കെപ്പഴോ നിനച്ചിരിക്കാതെയേതോ
സ്റ്റേഷനില്‍ ചവുട്ടി നിര്‍ത്തി,
ഇറക്കി വിട്ടപ്പോഴവര്‍ക്കെടുക്കുവാനായില്ലയൊന്നും.
പൂട്ടിവെച്ചതും,സ്വന്തമാക്കിയതും
കയ്യിലെടുത്തതൊന്നും
ഒന്നുപോലും.

ഓര്‍ക്കാന്‍ പോലുമൊന്നുമിട്ടില്ലവരൊരു
ഹൃദയത്തിലൊന്നിലും.
വല്ലാത്ത ഉഷ്ണമായിരുന്നവര്‍ക്കവിടമാകെ.

കുറഞ്ഞ ടിക്കറ്റെടുത്തവര്‍ക്കുഷ്ണം
തോന്നിയില്ലൊട്ടും,
നഷ്ടമായില്ലവര്‍ക്കൊന്നുമേയ-
വര്‍ക്കുള്ളതെല്ലാമൊരുപാട്
ഹൃദയങ്ങളിലപ്പോഴുമോരോര്‍മ്മയായി തുടിച്ചു.
മരിച്ചിട്ടും മരിക്കാതങ്ങിനെ.
By
ധനേഷ് കാട്ടൂപ്പാടത്ത്

 

…ഉത്തരം… മാര്‍ച്ച് 11, 2010

എന്തിനായിരുന്നു
മുടിയല്‍പ്പം നരച്ച ,
ഇരുണ്ട നിറമുള്ളയെന്റെ ഉമ്മയെ
വഴിക്കുവെച്ച് വേണ്ടെന്നുവച്ചത്.
എന്നിട്ടെന്തിനാണ്
നീണ്ട,കറുത്തമുടിയുള്ള
മുഖത്ത് മറുകുള്ള, സീനത്തിനെ
ബാപ്പ കൂടെക്കൂട്ടിയത്?

എന്തിനായിരുന്നു
മാര്‍ക്കും ക്ലാസ്സുമുള്ള,
മൂക്കല്പം വളഞ്ഞ
രാധയെ വേണ്ടെന്നുവെച്ചത് ?
എന്നിട്ടെന്തിനാണ്
തെറ്റില്ലാതെ വായിക്കാത്ത,
തുടുത്ത കവിളുള്ള ,പൂച്ചക്കണ്ണൂള്ള രമണിക്ക്
ടയിപ്പുറയിറ്ററു കൊടുത്തത് ?

എന്തിനായിരുന്നു
നീലസാരിയുടുത്ത,നെറ്റിയല്പം തള്ളി-
മാറില്‍ ചോരക്കുഞ്ഞുള്ള,
ചേച്ചിക്ക് സീറ്റ് പകുത്തു നല്‍കിയത് ..
എന്നിട്ടെന്തിനാണ്
അവിടേക്ക് നീങ്ങിയ കയ്യ്
തട്ടി മാറ്റിയപ്പോളൊന്നു-
മറിയാതെഴുന്നേറ്റു പോയത് ?

എന്തിനായിരുന്നു
നുണക്കുഴി കവിളുള്ള,
നാണം കുണുങ്ങിയായ,
പാവാടക്കാരിക്ക് വാക്കുകൊടുത്തത്.
എന്നിട്ടെന്തിനാണ്
സിനിമക്ക് വരുന്ന,
മൊബൈല്‍ഫോണുള്ള,മെലിഞ്ഞയുടലുള്ള,
എടുത്തു ചാട്ടക്കാരിയോടൊപ്പം പോയത്?

എന്തിനായിരുന്നു
ക്രിയ ചെയ്യാനറിയാത്ത,
പൊക്കം കുറഞ്ഞ
പാവാടക്കാരിയോടു വീട്ടിലേക്കു
വരാന്‍ പറഞ്ഞത്
എന്നിട്ടെന്തിനാണ്‌ ,
ക്രിയ ചെയ്തുപഠിച്ച
അവളുടെ ശരീരം
ആഴമില്ലാത്ത കുളത്തില്‍
കൊണ്ടിട്ടത് ?

ഉത്തരമറിയാമെങ്കില്‍‍,എഴുതിയറിയിക്കുക.
മേല്‍വിലാസമെഴുതാത്ത കവറില്‍,
സ്റ്റാമ്പൊട്ടിക്കാതയക്കുക..
ഞാനിവിടെ കാത്തിരിക്കും,
അവര്‍ക്കൊക്കെ മറുപടി കൊടുക്കാന്‍ ‍….
By
ധനേഷ് കാട്ടൂപ്പാടത്ത്….