ധനേഷ് കാട്ടൂപ്പാടത്ത്…….

എന്റെ ഓര്‍മ്മകള്‍ , എന്റെ വാക്കുകള്‍….

…ക്ഷമാപണം… മാര്‍ച്ച് 31, 2010

പ്രണയത്തിന്റെ
മധുരം നുണയാനല്ല.
അതിന്റെയിളംകാറ്റേല്ക്കാനുമല്ല.
അതിന്റെ തലോടലേറ്റുറങ്ങാനുമല്ലയ-
തിന്റെ ചിറകടിച്ചു പറക്കാനുമല്ല.

താലികെട്ടി കൂടെകൂട്ടാനല്ലയെ –
ന്റെ കുട്ടികളുടെയമ്മയാവാനുമല്ല ,
എന്നെയെന്നും കാത്തിരിക്കാനല്ലയെ –
നിക്കോര്‍ത്തിരിക്കാനുമല്ല ,
എനിക്കായ് കരയാനുമല്ലയെ-
നിക്കൊപ്പം ചിരിക്കാനുമല്ല,

നിന്നെ
ഞാനര്‍ഹിക്കുന്നില്ല.
അര്‍ഹിക്കാത്തൊരു കനിയായിരുന്നു
നീയെനിക്കെന്നും.
അര്‍ഹിക്കാത്തതെങ്ങിനെയാഗ്രഹിക്കും.

നിറവും ജാതിയുമെന്നുമൊരു
മതിലായി നിന്നു
നമുക്കിടയില്‍.
ചോദിക്കാഞ്ഞിട്ടുമെന്തിനോ
കാലമെന്നോ,
പണിതിട്ടുപോയൊരു
മതില്‍‍.
പൊളിക്കാനാകാത്തയി-
ളക്കി മാറ്റാനാകാത്തൊരു
മതില്‍‍.

എന്നിട്ടും പക്ഷെ ഞാന്‍,
നിന്നോടന്നതു പറഞ്ഞു.
നിന്നെ ഞാന്‍ നോവിച്ചു.

എന്നെയിഷ്ട്ടമല്ലെന്നു
നീ പറഞ്ഞപ്പോളെന്റെ
ഹൃദയം മുറിഞ്ഞു,
ആ മുറിവുഞാനുണക്കിയില്ല,
ഒരിക്കലുമൊരു
മരുന്നുമതില്‍ വയ്ക്കില്ല ഞാന്‍ .

ആള്‍ക്കൂട്ടത്തിലൊറ്റപ്പെടുമ്പോളും,
സ്നേഹജലമില്ലാതെ തളരുമ്പോളും,
സ്നേഹത്തിന്‍ തണലകലുംപോഴും
കുഴിയില്‍ വീഴ്‌ത്തി
വിധി കളി തുടരുമ്പോഴുമൊക്കെയും-
നഷ്ട്ടപ്പെടുംപോഴുമെനിക്കാ
വേദന വേണമുള്ളില്‍..

അതിലുരുകിയലിയാന-
തിന്റെ ചൂടേറ്റു നില്‍ക്കാന്‍,
സുഖമുള്ളയാ വേദന തിന്നു
വിശപ്പടക്കാന്‍,
ശിഷ്ടകാലമീ മണ്ണില്‍ ജീവിക്കാന്‍,
അതില്ലാതെനിക്ക് പറ്റില്ല.
എനിക്ക് ജീവിക്കണം.
അതിനായിരുന്നെല്ലാം ..

ക്ഷമിക്കില്ലേ നീ ?

By
ധനേഷ് കാട്ടൂപ്പാടത്ത്.

N.B
ഇത്രയും അവളോടൊരിക്കലെങ്കിലും പറയണമെന്ന് കരുതിയതാണ്..പറ്റിയില്ല..
അവളിതു വായിച്ചിട്ടെങ്കിലും എന്നോട് ക്ഷമിക്കുമായിരിക്കും ..ഇതാണ് സത്യം, ഇതുമാത്രമാണ് സത്യം.. 🙂

Advertisements
 

…മൊബൈല്‍… മാര്‍ച്ച് 10, 2010

കാണുന്നതെല്ലാമൊപ്പിയെടുക്കുന്നയാ
കൊച്ചു കണ്ണതിനില്ലായിരുന്നു..
എങ്കിലുമതൊരു കുറവായിരുന്നില്ല.
കണ്ണില്ലെങ്കിലും കേള്‍ക്കാനും,
കേട്ടതൊക്കെയോര്‍ത്തുവയ്ക്കാനുമതിന്
കഴിവുണ്ടായിരുന്നു.
അവളുടെ കാതിലേക്ക്
സ്വരങ്ങളെത്തിക്കാനവന്‍ തിരക്കുകൂട്ടി…

അവളുടെ ശബ്ദവും
മൗനവുമതില്‍ പതിഞ്ഞിരുന്നു ..
അവളില്ലാത്ത സന്ധ്യകളിലതിന്റെ
രസത്തിലവളുടെ
അസാന്നിധ്യം അവനെയലട്ടിയില്ല. .

അപ്പുറത്തെ വീട്ടിലെ വര്‍ഗീസാണാ-
ദ്യമത് വാങ്ങിയത്..
പിന്നെ ലീലാമ്മ ചേടത്തിയും…
താഴത്തെ വീട്ടിലെ
ഉണ്ടക്കന്നുള്ള ചേച്ചിയുടെ,
കയ്യിലുമവനത് കണ്ടു..
പല കയ്കളിലുമതുകണ്ടു..

അവനുവേണ്ടി ,
അല്ലയവള്‍ക്കുവേണ്ടിയ-
തൊരണ്ണം സ്വന്തമാക്കി….
ഇടത്തെ മോതിരവിരലിലെ വളയം
കളഞ്ഞുപോയെന്ന
ചെറിയൊരു നുണ മാത്രമേ,
വേണ്ടിവന്നുള്ളൂ അതിന്.

കാതിനൊപ്പം കണ്ണുകൂടി വന്നപ്പോള-
വരുടെ സ്നേഹമിരട്ടിച്ചു …
കാഴ്ച കൂടിയപ്പോളവര്‍
കൂടുതല്‍ കണ്ടു..
പരസ്പരം കാണിച്ചു….
അവരെല്ലാം മറന്നപ്പോഴു-
മിമയടക്കാതെ,
അവനതെല്ലാമൊപ്പിയെടുക്കുന്നുണ്ടായിരുന്നു.

എന്തിനെന്നവളൊരിക്കലും ചോദിച്ചില്ല..
സ്നേഹം ചിലപ്പോളങ്ങിനെയൊക്കെയാണ്…
ചോദ്യങ്ങളില്ല , ഉത്തരങ്ങളില്ല,
പ്രതീക്ഷ മാത്രം.

റിപ്പയിറിംഗ് കടയിലെ,
മെലിഞ്ഞ
പയ്യനാണത് കണ്ടത്..
രക്തത്തിന് വേഗത
കൂടിയൊരു നിമിഷത്തിലവനത്
പറത്തിവിട്ടു..
വല്ലാത്ത വേഗമായിരുന്നതിന്‌..
പറന്നിറങ്ങിയിടത്തോന്നുമധികം നിന്നില്ല.
അതങ്ങിനെ പറന്നുകൊണ്ടേയിരുന്നു..
ഒടുവിലത് പറന്നു ചെന്നിരുന്നത്
വടക്കേ പറമ്പിലെ മാവിലായിരുന്നു..

ക്ഷീണം മാറ്റാനപ്പോള്‍ തൂങ്ങിയാടുകയായിരുന്നു..
അവളുടെ ചലിക്കാത്ത കണ്ണുകളപ്പോള്‍ ,
ആകാശത്തിലൂടെ പായുന്ന വേറെയും
കിളികളെ തിരഞ്ഞുകൊണ്ടിരുന്നു…
അവരുടെ വരവും പ്രതീക്ഷിച്ച്!

പായുന്ന തീവണ്ടിയിലവളുടെ
ശബ്ദം കേള്‍ക്കുകയായിരുന്ന-
വനതില്‍‍…
അവനതു പുറത്തേക്കു വലിച്ചെറിഞ്ഞു ….
പുറകോട്ടോടുന്ന
മരങ്ങളില്‍ നിന്നെവിടയോ-
യവളുടെ വിളിയവന്റെ കാതില്‍ മുഴങ്ങി..
അവളെകാണാന്‍,
അവനുമോടുവില്‍..അങ്ങോട്ടേക്ക്…..

അപ്പോഴുമാരൊക്കയോ..
എവിടേയോ
അവരുടെ,
കളിയും ചിരിയും
കാണുന്നുണ്ടായിരുന്നതില്‍..
‍അവര്‍ക്ക് മരണമില്ല….
അവരെയെവിടെയും കാണാം…..
By
ധനേഷ് കാട്ടൂപ്പാടത്ത് .

 

സിനിമയും അഭിനയവും പിന്നെ ഞാനും… ഡിസംബര്‍ 27, 2009

Filed under: കഥ — dhaneshka @ 2:29 പി‌എം
Tags: , ,

ഇത് എന്റെ ഒരാഗ്രഹത്തിന്റെ കഥ..ചുരുക്കി പറഞ്ഞാല്‍ ഒരു എപ്പിസോടായും , വലിച്ചു നീട്ടിയാല്‍ ഒരു മെഗാ സീരിയലായും പറയാവുന്നത്…..എന്തായാലും മൂന്നു നാല് ഷോട്ടില്‍ പറഞ്ഞുതീര്‍ക്കാം …
പണ്ട്..പണ്ട് ..വളരെപ്പണ്ടല്ല..കുറുക്കനും കോഴിയുമൊക്കെ ഉണ്ടായിക്കഴിഞ്ഞു ,കുറച്ചു പണ്ട് അതായത് ഈയുള്ളവന്‍ സ്കൂളില്‍ പഠിക്കുന്ന സമയം …നല്ല സമയം ..എന്നും ഓര്‍ക്കുന്ന സമയം…വിളിക്കാന്‍ മൊബൈലോ സിനിമ കാണാന്‍ സീഡിയോ ഇല്ലാത്ത കാലം…സൂര്യന്‍ അങ്ങ് കിഴക്കുദിച്ചു, അപ്പൊ ഒരാഗ്രഹം മനസ്സിലുമുദിച്ചു ..വല്ലാത്തോരാഗ്രഹം…സിനിമ കാണാന്‍ പോകണമെന്ന് നമ്മളൊക്കെ ആഗ്രഹിക്കുന്ന സമയം..ഈയുള്ളവന്‍ കുറച്ചൂടെ കടന്നു ചിന്തിച്ചു..ആഗ്രഹിച്ചു..തീവ്രമായി..വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് സിനിമയില്‍ അഭിനയിക്കണമെന്ന് ! ആഗ്രഹങ്ങള്‍ക്കവസാനമില്ല എന്നാണല്ലോ..അങ്ങിനെ ഞാനുമാഗ്രഹിച്ചു..സ്വപ്നം കണ്ടു..
രാജാവിന്റെ മകനില്‍ ലാലേട്ടന്‍ പറയുന്നതുപോലെ “കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും” ..അതുപോലെ സിനിമാമോഹം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികം ..ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും യാന്ത്രികം..അങ്ങിനെ നവരസങ്ങള്‍ മുഖത്ത് വിരിയിക്കുന്ന ഒരു യന്ത്രമായിമാറാന്‍ ഞാന്‍ ആഗ്രഹിച്ചു ..അഭ്രപാളികളില്‍ മിന്നിമറയുന്ന എന്റെ മുഖം ഞാന്‍ മനസ്സിനകത്തെ വലിയ സ്ക്രീനില്‍ കണ്ടു…..സന്തോഷിച്ചു..എന്നെത്തന്നെ വിമര്‍ശിച്ചു… ..ചതിയന്‍ ചന്തുവായും, കൊലയാളി പവനായിയായുമൊക്കെ ഞാന്‍ എന്റെ മുഖം മനസ്സില്‍ കണ്ടു..വീണ്ടും സന്തോഷിച്ചു..മമ്മൂക്കയെയും ,മോഹന്‍ ലാലിനെയുമൊക്കെ അന്ന് നേരില്‍ കണ്ടിട്ടില്ലെങ്കിലും എന്റെ സഹപ്രവര്‍ത്തകരായി കണ്ടു തുടങ്ങി..ഞാനവരുടെ തോളത്തു കയ്യിട്ടു… എന്റെ നായികമാരെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഞാന്‍ തിരഞ്ഞെടുത്തു…അവരിലൊരാളെ പ്രണയിച്ചു, കെട്ടി അങ്ങനെ ഒരു കലാ കുടുംബം കെട്ടിപ്പടുക്കുന്നതും പാട്ട് പാടുന്നതും കുതിരപ്പുറത്തു കയറി വില്ലനെ അടിച്ചു താഴെയിടുന്നതും..നായികയെ കെട്ടിപ്പിടിക്കുന്നതും ഒക്കെ മനസ്സില്‍ കണ്ടു… 🙂

ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ നമ്മളൊക്കെ എന്നേ കുതിരസവാരി നടത്തുമായിരുന്നു…കുതിരയില്ലാത്തതുകൊണ്ട് …അതങ്ങിനല്ലാതതുകൊണ്ട് ആഗ്രഹം സഫലീകരിക്കാന്‍ എന്ത് വഴി എന്ന് ചിന്തിച്ചു…സ്കൂളില്‍ പണ്ടൊരു നാടകത്തില്‍ ഒരു ഭടനായി അഭിനയിച്ചത് ഞാനോര്‍ത്തു..അതുകൊള്ളാം..വലുതല്ലെങ്കിലും ചെറിയൊരു വേഷം..എന്റെ കന്നി വേഷം …പക്ഷെ സംഭാഷണം കുറവായിരുന്നു..ഭാവാഭിനയം മാത്രം..സഹായത്തിനൊരു കുന്തം മാത്രം..അങ്ങനെ വെറുമൊരു കുന്തം കൊണ്ട് സദസ്സ് കീഴടക്കിയതോര്‍ത്തപ്പോള്‍ എനിക്ക് കൂടുതല്‍ മതിപ്പ് തോന്നി ..അടൂരിനേയും ഷാജി എന്‍ കരുണിനെയുമൊക്കെ ഞാന്‍ മനസ്സിലോര്‍ത്തു..ഇനിയിപ്പോ ലാലേട്ടനെപ്പോലെ വല്ല കഥകളിക്കാരനോ ,ആട്ടക്കാരനോ ആകേണ്ടി വന്നാലും ഞാന്‍ തിളങ്ങും..അതിനുള്ള ഭാവമെല്ലാം കയ്യിലുണ്ടല്ലോ …. പിന്നെ അഭിനയിച്ചത് ഒരു ഇംഗ്ലീഷ് നാടകത്തിലും ഹിന്ദി(?) നാടകത്തിലുമാണ് ..ആദ്യത്തേതില്‍ പ്രധാനപ്പെട്ട റോള്‍ ആയിരുന്നു..വില്ലന്റെ..അതും നിസ്സാരക്കാരനല്ല കഥാകാരന്‍..സാക്ഷാല്‍ വില്ല്യം ഷേക്ക്‌സ്പിയര്‍..അദ്ദേഹത്തിന്റെ മെര്‍ച്ചന്റ് ഓഫ് വെനീസിലെ വില്ലനായ ഷയീ ലോക്ക്..കീരിക്കാടനെയും…എം എന്‍ നമ്പിയാരേയുമൊക്കെ ഞാന്‍ എന്നിലേക്ക്‌ തന്നെ ആവാഹിച്ചു. ഇംഗ്ലീഷ് വാചകങ്ങള്‍ എടുത്തു ചാട്ടുളിപോലെ തലങ്ങും വിലങ്ങും പ്രയോഗിച്ചു..സാക്ഷാല്‍ ഷേക്ക്‌സ്പിയര്‍ പെട്ടിയില്‍ നിന്നെണീറ്റ് വന്നെനിക്കു കയ്യ് തരുമെന്ന് കരുതി…മികച്ച നടനുള്ള സമ്മാനം എനിക്കുതന്നെന്നു കരുതി ചങ്കുപൊട്ടി അഭിനയിച്ചു..പക്ഷെ അങ്ങിനൊരു സംഭവം ഇല്ലെന്നു പിന്നീടാണ് മനസ്സിലായത്‌ 😦

അങ്ങനെ മലയാളത്തിലും,ഇംഗ്ലീഷിലും വെന്നിക്കൊടി പാറിച്ച് ഞാന്‍ ഹിന്ദിയിലേക്ക് തിരിഞ്ഞു..
ഹിന്ദി നാടകത്തിലും പ്രധാന റോള്‍ എനിക്കായിരുന്നു..സംഭാഷണവും കൂടുതല്‍..പക്ഷെ ഭാവങ്ങളില്ല..അനങ്ങില്ല..നടക്കില്ല…അതെ അതെന്തു കുന്തം..കുന്തമല്ല..ഒരു മരം..അങ്ങനെ മരമായി അഭിനയിക്കാമെന്നും ഞാന്‍ തെളിയിച്ചു 🙂 ഒരു പക്ഷെ ആ ഭാഗ്യം അധികം പേര്‍ക്ക് കിട്ടിക്കാണില്ല ….മരങ്ങള്‍ വെട്ടരുതെന്നും നട്ടുപിടിപ്പിക്കണമെന്നുമൊക്കെ ഒരു മരം തന്നെ പറയുന്നതാണ് കഥാ സന്ദര്‍ഭം…എന്തോ അതുകണ്ടിട്ട് എത്രപേര് മരം നട്ടുവളര്‍ത്തിയെന്നെനിക്കറിയില്ല….അതും ഒരു കൊടുമുടി കീഴടക്കിയ ഭാവത്തില്‍ ഞാന്‍ അഭിനയിച്ചവസാനിപ്പിച്ചു …എന്തോ പിന്നെ അധികം നാടകങ്ങള്‍ എന്നേ തെടിവന്നില്ല..ചെലപ്പോ എന്നെ ഉള്‍ക്കൊള്ളാന്‍ പറ്റിയ കഥാപാത്രങ്ങളില്ലാഞ്ഞിട്ടയിരിക്കുമെന്നു ഞാന്‍ കരുതി…സമാധാനിച്ചു…

നാടകത്തിലെ അനുഭവം മാത്രം പോര സിനിമയിലഭിനയിക്കാന്‍ എന്ന് എനിക്ക് തോന്നി..പിന്നെന്തു വഴി ? അന്ന് മിമിക്രിക്കാരുടെ കാലം..ആര്‍ക്കും ആരെ വേണമെങ്കിലും അനുകരിക്കാം ..പട്ടിയെയും പൂച്ചയെയും ..എന്തിനു വെടിക്കെട്ട്‌ വരെ അനുകരിക്കാം .എനിക്കും തോന്നി അതുവഴി പിടിച്ചു കയറിയാലോന്നു..നിലയില്ലാ കയത്തില്‍ നീന്തുന്നവന് പിടിച്ചു കയറാന്‍ ഒരു കച്ചിത്തുരുംബ്. ദിലീപും ജയറാമുമൊക്കെ എന്റെ മുന്നില്‍ വന്നു എന്നെ മാടി വിളിക്കുന്നതായി തോന്നി…ഞാന്‍ ആരൊക്കയോ ആയി മാറുന്നതുപോലെ തോന്നി …ജയനും പരീക്കുട്ടിയുമൊക്കെ എന്നിലൂടെ സംസാരിക്കാന്‍ ആരംഭിച്ചു ..എന്റെ ശബ്ദം എനിക്ക് നഷ്ടപ്പെടുന്നത് പോലെ തോന്നി..ലാലും സുരേഷ് ഗോപി ചേട്ടനുമൊക്കെ വന്നും പൊയ്ക്കൊണ്ടുമിരുന്നു …അങ്ങനെ അതിനുള്ള അവസരവും കിട്ടി..അങ്ങനെ മിമിക്രിയും ഓക്കേ..അപ്പൊ എനിക്കുതോന്നി ഞാന്‍ അഭിനയമെന്ന പരീക്ഷ പാസ്സായെന്നു.. അങ്ങനെ ആക്ഷന്‍ പറയുന്നതും കാത്തു കാത്തു ഞാനങ്ങനിരുന്നു..കാലം അങ്ങനെ ഇഴഞ്ഞും മുടന്തിയുമൊക്കെ കടന്നു പോയി …
അങ്ങനെ സ്കൂള്‍ ജീവിതം അവസാനിക്കാറായി.. ആഗ്രഹങ്ങള്‍ അങ്ങിനെ പൊട്ടിമുളക്കാതെ മണ്ണില്‍ തന്നെകിടന്നു എന്നെ നോക്കി ഇളിക്കുന്നതായി എനിക്ക് തോന്നി….ഈശ്വരാ.. എല്ലാം വെറുതെയായല്ലോ..ഇനി എന്ത് ചെയ്യും എന്ന് തോന്നി..കയ്യില്‍ കാശുണ്ടെങ്കിലും മദ്രാസ്സിലേക്ക് കള്ളവണ്ടി കയറിയാലോ എന്ന് തോന്നി…പണ്ട് മുതലേയുള്ള കീഴ് വഴക്കം അങ്ങനാണല്ലോ ..അങ്ങിനാണല്ലോ പലരും വെള്ളിത്തിരയില്‍ എത്തിയത്..പക്ഷെ ഒന്നും ചെയ്യാന്‍ തോന്നിയില്ല…അങ്ങനെ എന്ട്രന്‍സ് പരീക്ഷയുടെ ഫലം വന്നു..അടുത്തുള്ള ഒരു കോളേജില്‍ അട്മിഷ്യനും കിട്ടി….അങ്ങിനവിടെ എല്ലാ സ്വപ്നങ്ങളും ഇറക്കി വച്ച്..വെറും കയ്യോടെ കയറിച്ചെന്നു.അവിടാണെ കാര്യമായ കലാ പരിപാടികളുമില്ല എന്നിലെ മുരളിയെയും തിലകനെയുമോക്കെ നമുക്കെടുത്തു പയറ്റാന്‍..അങ്ങനെ കാലം നീങ്ങി..അഭിനയമോഹമെല്ലാം എരിഞ്ഞടങ്ങി ..അഭിനയവും മറന്നു …വീടുണ്ടാക്കാനും ഡാമു പണിയാനുമൊക്കെ പഠിച്ചു..ഇന്നിപ്പോ ഒരു എന്ജിനീയറായി ജീവിക്കുന്നു..പക്ഷെ സിനിമയോടുള്ള പഴയ ആ അഭിനിവേശം മാത്രം മായാതെ മനസ്സിന്റെ ഏതോ കോണില്‍ തൂങ്ങി കിടപ്പുണ്ട്.. അങ്ങിനെ കെടന്നാടുന്നുണ്ട്… ചിലപ്പോഴൊക്കെ തോന്നും ഞാന്‍ ഇങ്ങനായതുകൊണ്ട് മലയാള സിനിമക്കുണ്ടായ നഷ്ടം എത്രതോളമാണെന്ന്..ഒരുപക്ഷെ മുരളിയെയും രാജന്‍ പി ദേവിനെയുമൊക്കെ നഷ്ടപ്പെട്ടപ്പോഴുണ്ടായതിലേറെ…:) അവാര്‍ഡും പതക്കവുമൊക്കെ അടുക്കിവെക്കാന്‍ ഉദ്ദേശിച്ച അലമാരിയിലേക്ക് നോക്കുമ്പോള്‍ എവിടക്കയോ എന്തൊക്കയോ നഷ്ടമായെന്നു തോന്നും ..പക്ഷേ കിട്ടിയതും സ്വന്തമാക്കിയതുമല്ലേ നമുക്ക് നഷ്ടപ്പെടൂ..? എനിക്ക് കിട്ടാതെ പോയതാണെല്ലാം അതുകൊണ്ട് ഒന്നും നഷ്ടപ്പെട്ടിട്ടില്ല ..ജിവിതം ഒരുപാട് ബാക്കിയുണ്ട്..ഒരു തിരക്കഥാക്രത്തോ സംവിധായകനോ ആയാല്‍ കൊള്ളാമെന്നിപ്പൊ തോന്നണു.. വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം.. 🙂