ധനേഷ് കാട്ടൂപ്പാടത്ത്…….

എന്റെ ഓര്‍മ്മകള്‍ , എന്റെ വാക്കുകള്‍….

..നിര്‍ഭാഗ്യവാന്‍.. ഏപ്രില്‍ 19, 2010

ആനകള്‍ വേട്ടയാടപ്പെടുന്നത്
കാട്ടില്‍ മാത്രമാണ് .
ചതിക്കുന്ന കുഴിയും,തോക്കും
മാത്രമാണവര്‍ക്ക് ഭയം.
പട്ടിണി കിടന്നും,
വിഷം കഴിച്ചുമവര്‍ മരിക്കുന്നില്ല .
അവര്‍ ഭാഗ്യവാന്മാര്‍

പക്ഷികള്‍ വേട്ടയാടപ്പെടുന്നത്
മരത്തിലും , മാനത്തുമാണ്
വലയും , കൂടുമാണവര്‍ക്ക് ഭയം
മിന്നലേറ്റും ,
വെള്ളത്തില്‍ മുങ്ങിയുമാവര്‍ മരിക്കുന്നില്ല.
അവരും ഭാഗ്യവാന്മാര്‍.

മത്സ്യങ്ങള്‍ വേട്ടയാടപ്പെടുന്നത്
വെള്ളത്തില്‍ മാത്രമാണ്.
ഇരകോര്‍ത്ത ചൂണ്ടയും, വളഞ്ഞു പിടിക്കുന്ന
വലയുമാണവര്‍ക്ക് ഭയം.
വണ്ടി മുട്ടിയും,
തലയിടിച്ചും അവര്‍ മരിക്കുന്നില്ല.
അവരും ഭാഗ്യവാന്മാര്‍.

പക്ഷെ ,
എവിടെയുമെപ്പോഴും
വേട്ടയാടപ്പെടുന്നത് മനുഷ്യനാണ്
കാട്ടിലും,വീട്ടിലും
മാനത്തും,കടലിലും.
അവനൊളിക്കാനിടമില്ല.
അവന്റെ ഓര്‍മ്മകള്‍ പോലും
അവനെ വേട്ടയാടി കൊല്ലും..
നിര്‍ഭാഗ്യവാന്‍ ….

By
ധനേഷ് കാട്ടൂപ്പാടത്ത്.

Advertisements
 

…ക്ഷമാപണം… മാര്‍ച്ച് 31, 2010

പ്രണയത്തിന്റെ
മധുരം നുണയാനല്ല.
അതിന്റെയിളംകാറ്റേല്ക്കാനുമല്ല.
അതിന്റെ തലോടലേറ്റുറങ്ങാനുമല്ലയ-
തിന്റെ ചിറകടിച്ചു പറക്കാനുമല്ല.

താലികെട്ടി കൂടെകൂട്ടാനല്ലയെ –
ന്റെ കുട്ടികളുടെയമ്മയാവാനുമല്ല ,
എന്നെയെന്നും കാത്തിരിക്കാനല്ലയെ –
നിക്കോര്‍ത്തിരിക്കാനുമല്ല ,
എനിക്കായ് കരയാനുമല്ലയെ-
നിക്കൊപ്പം ചിരിക്കാനുമല്ല,

നിന്നെ
ഞാനര്‍ഹിക്കുന്നില്ല.
അര്‍ഹിക്കാത്തൊരു കനിയായിരുന്നു
നീയെനിക്കെന്നും.
അര്‍ഹിക്കാത്തതെങ്ങിനെയാഗ്രഹിക്കും.

നിറവും ജാതിയുമെന്നുമൊരു
മതിലായി നിന്നു
നമുക്കിടയില്‍.
ചോദിക്കാഞ്ഞിട്ടുമെന്തിനോ
കാലമെന്നോ,
പണിതിട്ടുപോയൊരു
മതില്‍‍.
പൊളിക്കാനാകാത്തയി-
ളക്കി മാറ്റാനാകാത്തൊരു
മതില്‍‍.

എന്നിട്ടും പക്ഷെ ഞാന്‍,
നിന്നോടന്നതു പറഞ്ഞു.
നിന്നെ ഞാന്‍ നോവിച്ചു.

എന്നെയിഷ്ട്ടമല്ലെന്നു
നീ പറഞ്ഞപ്പോളെന്റെ
ഹൃദയം മുറിഞ്ഞു,
ആ മുറിവുഞാനുണക്കിയില്ല,
ഒരിക്കലുമൊരു
മരുന്നുമതില്‍ വയ്ക്കില്ല ഞാന്‍ .

ആള്‍ക്കൂട്ടത്തിലൊറ്റപ്പെടുമ്പോളും,
സ്നേഹജലമില്ലാതെ തളരുമ്പോളും,
സ്നേഹത്തിന്‍ തണലകലുംപോഴും
കുഴിയില്‍ വീഴ്‌ത്തി
വിധി കളി തുടരുമ്പോഴുമൊക്കെയും-
നഷ്ട്ടപ്പെടുംപോഴുമെനിക്കാ
വേദന വേണമുള്ളില്‍..

അതിലുരുകിയലിയാന-
തിന്റെ ചൂടേറ്റു നില്‍ക്കാന്‍,
സുഖമുള്ളയാ വേദന തിന്നു
വിശപ്പടക്കാന്‍,
ശിഷ്ടകാലമീ മണ്ണില്‍ ജീവിക്കാന്‍,
അതില്ലാതെനിക്ക് പറ്റില്ല.
എനിക്ക് ജീവിക്കണം.
അതിനായിരുന്നെല്ലാം ..

ക്ഷമിക്കില്ലേ നീ ?

By
ധനേഷ് കാട്ടൂപ്പാടത്ത്.

N.B
ഇത്രയും അവളോടൊരിക്കലെങ്കിലും പറയണമെന്ന് കരുതിയതാണ്..പറ്റിയില്ല..
അവളിതു വായിച്ചിട്ടെങ്കിലും എന്നോട് ക്ഷമിക്കുമായിരിക്കും ..ഇതാണ് സത്യം, ഇതുമാത്രമാണ് സത്യം.. 🙂

 

…വിശപ്പ്… -My first poem- മാര്‍ച്ച് 9, 2010

രാവിലത്തെ ചായ
അമ്മയാണ് വിളമ്പിത്തന്നത്.
കൂടെക്കഴിക്കാനച്ചനും,കുഞ്ഞുപെങ്ങളും-
മുത്തശ്ശിയുമുണ്ടായിരുന്നു..
കഴിക്കില്ലെന്ന് വാശിപിടിച്ചപ്പോളൊക്കെയ-
മ്മയോടുള്ള സ്നേഹം തെളിയിക്കാന്‍
കഴിക്കേണ്ടി വന്നു.
അപ്പോഴൊന്നും
വിശപ്പ് തോന്നിയില്ല.
വയറെപ്പോഴും നിറഞ്ഞിരുന്നു.

ഊണിനു നില്‍ക്കാതെയാദ്യം പോയത്
മുത്തശ്ശിയായിരുന്നു..
ഉച്ചക്കത്തെയൂണ്
വിളമ്പി തന്നത് ഭാര്യയാണ്,
വിശപ്പുമാറിയില്ല.
വീണ്ടും വാങ്ങി കഴിച്ചു,
മക്കള്‍ക്ക്‌ വാരിക്കൊടുത്തു
സുഹൃത്തുക്കള്‍ക്ക് ഒഴിച്ച് കൊടുത്തു
പുതിയ രുചി
മാത്രമായിരുന്നു മനസ്സില്‍..
അച്ഛനുമമ്മയും
കഴിച്ചോയെന്ന് തിരക്കിയില്ല
പെങ്ങളും കഴിക്കുന്നുണ്ടാകും.
ഉണ്ടായിരുന്ന കാശൊക്കെ
തിളങ്ങുന്ന പലഹാരം വാങ്ങാന്‍ മാറ്റി വെച്ചു.

ചായ കുടിക്കാനൊരുപാടുപേരുണ്ടായിരുന്നു..
വിളിക്കാതെയുമാരൊക്കയോ വന്നു..
അച്ഛനുമമ്മയും നിന്നില്ല..
അവര്‍ക്കെവിടയോ
എത്താന്‍ തിരക്കുണ്ടായിരുന്നു.
മക്കള്‍ക്കിഷ്ടപ്പെട്ടയോരോ പലഹാരം
അവര്‍ക്ക് കയ്യ് പിടിച്ചു കൊടുത്തു ..
വിശപ്പില്ലാഞ്ഞിട്ടും കഴിച്ചു.
ദാഹം തോന്നുന്നുണ്ടായിരുന്നു.
അപ്പോഴും,
നാളത്തെ വിശപ്പടക്കാനൊന്നും കരുതിയില്ല..
അവരാരെങ്കിലും തരുമെന്ന് കരുതി.

അത്താഴത്തിനു മക്കളാരും വന്നില്ല..
എന്നിട്ടും കാത്തിരുന്നു…..
വേറെവിടയോ
അവര്‍ക്കായി,
വലിയൊരു മേശയൊരുങ്ങിയിരുന്നു…
ഭാര്യ കഴിക്കാനെഴുന്നേറ്റില്ല..
കിടന്നിടത്ത് കൊണ്ട് കൊടുക്കേണ്ടി വന്നു….
കഴിച്ചിട്ടും മാറാത്തയേതോ വിശപ്പ-
വളുടെ വയറ്റില്‍ തെളിഞ്ഞു കണ്ടു..
ആ വിശപ്പൊന്നു
മാറിയിരുന്നെങ്കിലെന്ന് പ്രാര്‍ഥിച്ചു..
കലത്തിലെ കഞ്ഞി
കോരിക്കുടിച്ചിട്ടു കിടന്നു..
വിശപ്പ് മാറിയില്ല ,
മാറ്റാനൊന്നുമുണ്ടായില്ല

രാവിലെയവള്‍ പോയി ..
മാറാത്ത,
ആ വിശപ്പുമായി..
മക്കളെല്ലാം വന്നിട്ട് പോയി..
അവരുടെ വിശപ്പടക്കുന്ന തിരക്കിലായിരുന്നു….
വിശന്നപ്പോഴോളാരും
വിളമ്പി തരാനില്ലായിരുന്നു.
ഉണ്ടാക്കാനുമാരും നിന്നില്ല…
വല്ലാത്ത വിശപ്പ് …
അന്തിയാവോളം വിശന്നിരുന്നു,
ഇടയ്ക്കെപ്പോഴോ
വിശപ്പുതന്നെ വാരി തിന്നു…

മയക്കത്തിലെപ്പോഴോ
അമ്മ ഉരുട്ടിതന്ന ഉരുള
നാവില്‍ നുണഞ്ഞു …
പിന്നീടൊരിക്കലുമയാള്‍ക്കു‌ വിശന്നില്ല…
അപ്പോഴും വിശപ്പവിടെതന്നെ
കറങ്ങി നടപ്പുണ്ടായിരുന്നു….
By
ധനേഷ് കാട്ടൂപ്പാടത്ത്…

 

അവരപ്പോഴും പ്രണയിക്കുകയായിരുന്നു… ഫെബ്രുവരി 17, 2010

അവരപ്പോഴും പ്രണയിക്കുകയായിരുന്നു…
പേരിനൊപ്പം ബിരുദങ്ങളൊന്നും പതിച്ചുകിട്ടിയിട്ടില്ലാത്ത കാലം, പ്രീ -ഡിഗ്രി കാലം .അതിന്റെയും അവസാന കാലം ..ഇനിമുതല്‍ പ്രീ- ഡിഗ്രി മുത്തച്ചനെ അവിടെ കാണില്ല … കായകല്പ ചികിത്സ നല്‍കി യുവത്വം തിരിച്ചു നല്‍കി കോളേജിന്റെ മരച്ചുവട്ടില്‍ നിന്നും വേരോടെ പിഴുതെടുത്ത്‌ യവ്വനം നിറഞ്ഞു നില്‍ക്കുന്ന സ്കൂളിന്റെ മുറ്റത്ത്‌ പുതിയ പേരുകൊടുത്തു നടും..അവര്‍ അവിടെ ഒരിക്കല്‍ കൂടി നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചു ജനഗണമന പാടും..നാടിനുവേണ്ടി പ്രതിജ്ഞ ചെയ്യും…അപ്പോഴും അവര്‍ പ്രണയിക്കുകയായിരുന്നു ..ആ കാലത്തിന്റെ സ്മരണയ്ക്ക് വേണ്ടി ..നാളേയ്ക്കു വേണ്ടി …

അവരപ്പോഴും പ്രണയിക്കുകയായിരുന്നു…
എഞ്ചിനീയറിംഗ് കോളേജിന്റെ പടികടക്കുംപോഴും അവന്റെ മനസ്സില്‍ അവന്‍ നാളെ കെട്ടിപ്പടുത്തുന്ന കെട്ടിടങ്ങളായിരുന്നു ..നിലകളായിരുന്നു..അതിന്റെ ഒരു കോണില്‍ അവളുടെ മുഖം തെളിഞ്ഞു നിന്നു…തൊട്ടരുകില്‍ അവന്റെയും … അവളെക്കാളേറെ ഭംഗി തോന്നിച്ച മുഖങ്ങള്‍ അവനെ നോക്കി പുഞ്ചിരിച്ചപ്പോളൊക്കെയവന്‍ ഒഴിഞ്ഞുമാറി..വേറൊരു സന്തോഷവും തേടി അവന്‍ പോയില്ല… എന്റെ ലോകം അവളുള്ളതായിരിക്കണം ..അവന്‍ മനസ്സില്‍ ഉറപ്പിച്ചു ..വരച്ചും മായ്ച്ചും , കൂട്ടിയും കുറച്ചും കാലം കടന്നു ..അങ്ങനെയൊരു ബിരുദം അവന്റെ തലയില്‍ ചൂടിക്കൊടുത്തു..താന്‍ വിജയിച്ചെന്നു തോന്നി …അതിന്റെ ശോഭയില്‍ അവന്റെ മുഖം കൂടുതല്‍ തെളിഞ്ഞു ..മനസ്സില്‍ അവളുടേയും തെളിഞ്ഞ മുഖം.. അപ്പോഴും അവര്‍ പ്രണയിക്കുകയായിരുന്നു …

അവരപ്പോഴും പ്രണയിക്കുകയായിരുന്നു…
ഒരിക്കല്‍ തിരികെ വന്നു സ്വന്തമാക്കുമെന്ന് കയ്യിലടിച്ചു സത്യം ചെയ്തിട്ടവന്‍ പറന്നുപോയി ..ദൂരെ മണലാരണ്യം നിറഞ്ഞ നാട്ടിലേക്ക്.മനസ്സില്‍ കെട്ടിപ്പടുതതൊക്കെയും മണ്ണില്‍ കെട്ടിപ്പടുക്കാന്‍‍‍.. അവിടെ അവന്‍ മണല്‍കൊട്ടാരങ്ങളില്‍ സ്വപ്‌നങ്ങള്‍ തീര്‍ത്തു..അപ്പോളും അവള്‍ അവന്റെ കയ്പാട് പതിഞ്ഞ തന്റെ കയ്യ് വെള്ളയില്‍ അവന്റെമാത്രം മുഖം നോക്കിയിരുന്നു… അപ്പോള്‍ വേറെ ചില സ്വപ്‌നങ്ങള്‍ അവന്റെ വാതിലില്‍ വന്നു മുട്ടുന്നുണ്ടായിരുന്നു …അവനറിയാതെ….. സ്വന്തം സാമ്രാജ്യം തീര്‍ത്ത് അതിന്റെ ചക്രവര്‍ത്തിയാകണമെന്ന ആഗ്രഹം… .സ്വന്തമാക്കാന്‍ ഒരുപാടേറെ കാര്യങ്ങള്‍ മനസ്സിലേക്ക് വന്നു ..മനസ്സില്‍ അത്
മാത്രം …അതിനുവേണ്ടി അവന്‍ ഓടിത്തുടങ്ങി ..മനസ്സില്‍ അതുമാത്രം …അപ്പോള്‍ .അവളുടെ മുഖം മാഞ്ഞു പോകുന്നത് അവന്‍ അറിഞ്ഞില്ല ..അപ്പോഴും അവര്‍ പ്രണയിക്കുകയായിരുന്നു ….

അവരപ്പോഴും പ്രണയിക്കുകയായിരുന്നു…
ഇനിയും കാത്തിരിക്കണം… നമുക്കായി കെട്ടിപ്പടുക്കാന്‍ ഇനിയുമേറെയുണ്ട് ..എന്നിട്ടാകാം…നമ്മളൊരുമിച്ച് ..എല്ലാം നമുക്കുവേണ്ടി മാത്രം .. ..അവനതവളോട് പറഞ്ഞു ..ഒന്നല്ല ..ഒരുപാട് തവണ …എന്തിന്? എന്ന അവളുടെ ചോദ്യത്തിനു അവനുത്തരമില്ലായിരുന്നു .. ലോകം കീഴടക്കാന്‍ പടപ്പുറപ്പാടിനിറങ്ങിയ അവന്റെ മനസ്സില്‍ ഒരായിരം ഉത്തരങ്ങള്‍ നിശബ്ദമായി കിടന്നു …അവന്റെ ലക്ഷ്യങ്ങള്‍ അങ്ങ് മാനം മുട്ടെ വളര്‍ന്നു നിന്നു … കാലചക്രം പിന്നെയുമുരുണ്ടു ..ലാഭവും നഷ്ടവും പങ്കിട്ടെടുത്ത കണക്കുപുസ്തകത്തില്‍ അവന്റെ സമ്പാദ്യം നഷ്ടം രേഖപ്പെടുത്തി..കൂട്ടിനു കുറെ ബാദ്ധ്യതകളും…കെട്ടിപ്പടുതതൊക്കെയും മണല്‍കാറ്റില്‍ മറഞ്ഞു … ഒന്നുമായിതീരാന്‍കഴിയാത്ത തന്റെ അവസ്ഥയോര്‍ത്ത് അവന്‍ വേദനിച്ചു …അവളെ ഓര്‍ത്തപ്പോള്‍ അവള്‍ക്കു കൊടുത്ത വാഗ്ദാനങ്ങള്‍ അവന്റെ മനസ്സിലേക്കോടിയെത്തി…പക്ഷെ അപ്പോഴും അവള്‍ അവനുവേണ്ടി കാത്തിരുന്നു..മോഹിച്ചു.. പക്ഷെ അവന്റെ അഭിമാനം അവനെ അതിനനുവദിച്ചില്ല..അങ്ങനെ ഹൃദയം പറിച്ചെടുക്കുന്ന വേദനയില്‍ അവള്‍ അവനെ വിട്ടു പോയി ..എന്തിനെന്നറിയാതെ…

അവരപ്പോഴും പ്രണയിക്കുകയായിരുന്നോ?
കാലചക്രം പിന്നെയുമുരുണ്ടു ..വിവാഹം, കുടുംബം,കുട്ടികള്‍ അവരിരുവരും രണ്ടു കോണില്‍ ഇതൊക്കെയായി കഴിഞ്ഞു..മനസ്സു മാത്രം വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മരച്ചില്ലയില്‍ കുരുങ്ങി കിടപ്പുണ്ടായിരുന്നു.. ഒരുമിച്ചുകണ്ട നല്ല കുറെ സ്വപ്നങ്ങളും.. ആ മരത്തിനു കീഴില്‍ പങ്കുവെച്ച സ്നേഹം പിന്നീടൊരിക്കലും ആ അളവില്‍ അവരെ തേടി വന്നില്ല..ആ സന്തോഷം അവരുടെ കണ്ണില്‍ തിളങ്ങിക്കണ്ടില്ല … ഒരിക്കല്‍ പോലും..അപ്പോഴും അവന്റെ കുട്ടിയെ അവളുടെ പേരും അവളുടെ കുട്ടിയെ അവന്റെ പേര് കൊടുത്തും വിളിക്കാന്‍ മാത്രം അവര്‍ മറന്നില്ല….അവരപ്പോഴും ചിന്തിച്ചു … ഈ നഷ്ടങ്ങള്‍ എന്തിനുവേണ്ടി.? അതെ, അവരപ്പോഴും പ്രണയിക്കുകയായിരുന്നു ..എന്തിനോ വേണ്ടി..
**********************************************************

സ്നേഹം അമൂല്യമാണ്‌ …അതിനുവേണ്ടിയുള്ള എന്ത് വിട്ടുവീഴ്ചയും, ത്യാഗവും വെറുതെയാവില്ല….അതിനു പകരം വേറൊന്നില്ല..
ഇതെന്റെ സുഹൃത്തിനുവേണ്ടി എഴുതിയതാണ്..പകുതിവരെ അവന്റെ കഥയാണ്..അവിടെത്തി നില്‍ക്കുന്നു… ബാക്കി പകുതി അവനു സംഭവിച്ചേക്കാവുന്നതും…എന്തായാലും അവനങ്ങനെ സംഭവിക്കാതിരിക്കട്ടെ…. ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ 🙂

“The best way to love anything is to realize that it might be lost”