ധനേഷ് കാട്ടൂപ്പാടത്ത്…….

എന്റെ ഓര്‍മ്മകള്‍ , എന്റെ വാക്കുകള്‍….

..നിന്നോട് .. മേയ് 21, 2010

വെയിലേറ്റൊരുനാള്‍
നിന്റെ പച്ചിലകള്‍
കത്തിയാലെന്റെ
പ്രണയം
ഞാന്‍
നിന്നോട് പറയും
നിന്റെയൊരിലപോലും
കൊഴിയാതെയീ
വേനലിങ്ങനെ കടന്നുപോയാ-
ലന്നു ഞാന്‍
നിന്നെ ചേര്‍ത്ത്പിടിക്കും
മരമായ മരമെല്ലാമീ
കൊടും കാറ്റിലാടാതിരുന്നാല്‍
ഞാന്‍ വിളിക്കും
അന്ന് നീ,
നിന്റെ
മണ്ണുപേക്ഷിച്ചെന്റെ കൂടെവരിക
നിനക്ക് വളരാന്‍,
വേരാഴ്താന്‍
ഞാനെന്റെ ഹൃദയം തരും
വലിച്ചെടുത്ത്‌
കായ്ക്കാനെന്റെ
രക്തവും..
By
ധനേഷ് കാട്ടൂപ്പാടത്ത്.

Advertisements
 

..നിര്‍ഭാഗ്യവാന്‍.. ഏപ്രില്‍ 19, 2010

ആനകള്‍ വേട്ടയാടപ്പെടുന്നത്
കാട്ടില്‍ മാത്രമാണ് .
ചതിക്കുന്ന കുഴിയും,തോക്കും
മാത്രമാണവര്‍ക്ക് ഭയം.
പട്ടിണി കിടന്നും,
വിഷം കഴിച്ചുമവര്‍ മരിക്കുന്നില്ല .
അവര്‍ ഭാഗ്യവാന്മാര്‍

പക്ഷികള്‍ വേട്ടയാടപ്പെടുന്നത്
മരത്തിലും , മാനത്തുമാണ്
വലയും , കൂടുമാണവര്‍ക്ക് ഭയം
മിന്നലേറ്റും ,
വെള്ളത്തില്‍ മുങ്ങിയുമാവര്‍ മരിക്കുന്നില്ല.
അവരും ഭാഗ്യവാന്മാര്‍.

മത്സ്യങ്ങള്‍ വേട്ടയാടപ്പെടുന്നത്
വെള്ളത്തില്‍ മാത്രമാണ്.
ഇരകോര്‍ത്ത ചൂണ്ടയും, വളഞ്ഞു പിടിക്കുന്ന
വലയുമാണവര്‍ക്ക് ഭയം.
വണ്ടി മുട്ടിയും,
തലയിടിച്ചും അവര്‍ മരിക്കുന്നില്ല.
അവരും ഭാഗ്യവാന്മാര്‍.

പക്ഷെ ,
എവിടെയുമെപ്പോഴും
വേട്ടയാടപ്പെടുന്നത് മനുഷ്യനാണ്
കാട്ടിലും,വീട്ടിലും
മാനത്തും,കടലിലും.
അവനൊളിക്കാനിടമില്ല.
അവന്റെ ഓര്‍മ്മകള്‍ പോലും
അവനെ വേട്ടയാടി കൊല്ലും..
നിര്‍ഭാഗ്യവാന്‍ ….

By
ധനേഷ് കാട്ടൂപ്പാടത്ത്.

 

…സന്തോഷം… ഏപ്രില്‍ 2, 2010

സന്തോഷമന്നൊരു
കുഞ്ഞായിരുന്നൊരു
കുട്ടിക്കുറുമ്പന-‍
വനന്നോടിയും ചാടിയു-
മൊളിച്ചും കഴിഞ്ഞു .

വീടില്ലായിരുന്നവനു-
റങ്ങാനൊരു മെത്തയും.
ഉറക്കമേയില്ലായിരുന്നവനന്ന്.

രൂപങ്ങള്‍ പലതായിരുന്നവനു-
ഷ്ണ ഭൂമിയില്‍ മരുപ്പച്ചയായും ,
വേനല്‍ ചൂടിലേക്കൊരു
പെയ്തൊഴിയാത്ത
കാര്മുകിലുമായവന്‍ വന്നു
മോഹിപ്പിച്ചു ,മറഞ്ഞുകളയും..

പിടികൊടുത്തില്ലവനധികമാര്‍ക്കും,
ചെന്നുപെട്ടില്ലങ്ങിനെയാര്‍ക്കു മുന്നിലും
വെറുതെയങ്ങിനെ.

പാവം മനുജന-
വനെന്നുമൊരു
കിട്ടാക്കനിയായിരുന്നാ കുഞ്ഞ്.
അവനെയെത്തിപ്പിടിക്കാനോടി –
യടുക്കുംപോളൊക്കെയുമവനോടിമറഞ്ഞു .
മറഞ്ഞിരുന്നെപ്പോഴുമവന്റെ ചാരെ തന്നെ.
കാണാതെയറിയാതെ.

എന്നിട്ടും
ചിലരവനെ പിടിച്ചു
പിടിച്ചവരവനെയടച്ചു പൂട്ടി ,
സൂക്ഷിച്ചു.
പക്ഷേയൊരുനാളവന്‍ കടന്നു
കളഞ്ഞു ..
പൂട്ടൊക്കെയും പൊളിച്ചെങ്ങോട്ടോ.

ദൈവമിതൊക്കെ കാണുന്നുണ്ടായിരുന്നപ്പോള്‍
ചെവിയിലെപ്പോഴും
മുഴങ്ങിക്കേട്ടു ,
മനുജന്റെ പ്രാര്‍ത്ഥനയാ-
കുഞ്ഞിനുവേണ്ടി.

ഒരുനാള്‍ പുലരുംമുന്‍പേയാ-
കുഞ്ഞിനെ
പിടിച്ചിരുത്തിയൊരിടത്തെന്നിട്ടു
ദൈവമെങ്ങോ പോയ്മറഞ്ഞു,
സന്തോഷത്തോടെ.

മനുഷ്യനിതറിഞ്ഞില്ല.
അവനപ്പോഴുമെപ്പോഴുമാ-
കുഞ്ഞിനെ തിരഞ്ഞു..
മണ്ണിലും,വിണ്ണിലും
കാട്ടിലും,കാറ്റിലും
ചന്ദ്രനില്‍ വരെ നോക്കി…
കണ്ടില്ല ..

ഒടുവിലവര്‍ ദൈവത്തെ ശപിച്ചവരെ ,
കയ്യൊഴിഞ്ഞ പോയതിന്.
ശപിച്ചും,നരകിച്ചും
കാലമങ്ങിനെ കടന്നു ..

ദൈവമിതു കണ്ടും, കേട്ടും ദുഖിച്ചു.
കലിയുഗമായിരുന്നപ്പോളതിനാല്‍,
ദൈവത്തിനങ്ങോട്ടു പ്രവേശനമില്ലായിരുന്നു.
ആ കുഞ്ഞപ്പോളുമുറക്കമായിരുന്നു,
ആരുമവനെതേടിയവിടേക്ക് പോയില്ല.
ദൈവമവനെ-
യിരുത്തിയിട്ട് പോയത് ഹൃദയത്തിലായിരുന്നു!.

By
ധനേഷ് കാട്ടൂപ്പാടത്ത്.

 

കറുപ്പും വെളുപ്പും മാര്‍ച്ച് 28, 2010

ചോര്‍ന്നിട്ടില്ലെന്റെ വീടൊരിക്കലും,
കാറ്റുമുണ്ടായിരുന്നെ-
പ്പോഴുമകമാകെ.
എങ്കിലും,പക്ഷെയെന്തോ-
വെളിച്ചം കുറവായിരുന്നകത്ത്.

അതുകൊണ്ടാകാം,
കാറ്റധികമേറ്റിട്ടുമാകാം-
ഞാനാകെ കറുത്തിരുന്നു.
അതേല്‍ക്കാഞ്ഞിട്ടാകാ-
മവള്‍ വെളുത്തും.

ഒരിക്കലുമിണങ്ങാത്ത നിറങ്ങള്‍.

ഉറക്കമെന്നെ കയ്യൊഴിഞ്ഞപ്പോളാ-
ണൊരുനാള്‍ പാതിരയ്ക്ക് ഞാനിറങ്ങിനടന്നത്.
അന്നാണ് നിന്റെ
വീട് ഞാന്‍ കണ്ടത് .
വിളക്കണച്ചു നീ ,
വാതിലടച്ചിരുന്നു.

തുറന്നിട്ട ജനാലക്കപ്പുറം
നീയുണ്ടായിരുന്നകത്ത്.
പെയ്തിറങ്ങിയ നിലാവെളിച്ചത്തി-
ലന്നു ഞാന്‍ കണ്ടു.
നിനക്കപ്പോളെന്റെ
നിറം തന്നെ!.

ചോരാത്ത കൂരക്കടിയിലെ
മണ്ണോലിച്ചിരുന്നപ്പോഴും.
അപ്പോഴൊക്കെയും,
ഞാനായിരുട്ടത്തവിടെ-
നിന്റെ ജനാലക്കരികില്‍,
നിന്നെയും നോക്കി നിന്നു.
നിന്റെയൊരു നോട്ടത്തിനായി.

ഒടുവിലൊരു പാതിരാവില്‍
നീ ‍നിന്റെ നോട്ടം കൊണ്ടെന്നെ
വിളിച്ചകത്തുകയറ്റി.
ഞാനെന്റെ വെളിച്ചം കുറഞ്ഞ വീടും
വെളുത്തൊരവളെയുമിരുട്ടിലാക്കി
നിന്റെയിരുട്ടുമുറിയില്‍ കയറി.

പുലരുംവരെയുമൊരുമിച്ചു
കണ്ടു,
പല സ്വപ്നങ്ങളും ,
പലവട്ടം ശപിച്ചു മനസ്സില്‍,
കളഞ്ഞിട്ടുവന്നവളെ .
പലവട്ടം കെട്ടിപ്പുണര്‍ന്നു പരസ്പരമാ
യിരുട്ടിലങ്ങിനെ.

ഒടുവിലാസൂര്യാംശുവേറ്റു ഞാനു-
ണരവേ,
കണ്ടു ഞാന്‍ മുന്നിലായ്
നിന്‍ മുഖം,
വെട്ടിത്തിളങ്ങുന്നൊരാ മുഖമതപ്പോളാ
പകല്‍ വെളിച്ചത്തിലങ്ങിനെ
വെളുത്തു തുടുത്തിരുന്നു.!
By
ധനേഷ് കാട്ടൂപ്പാടത്ത്.

 

…പ്രണയമോ,സ്നേഹമോ?… മാര്‍ച്ച് 22, 2010

അപ്പോളവന് കാഴ്ച്ചയുണ്ടായിരുന്നു,
അവള്‍ക്കും.
അവളോടന്നവന്‍ പറഞ്ഞു ,
നിന്നെ ഞാന്‍ പ്രണിയിക്കുന്നു..
കടലോളം.
നിന്റെ മുഖമെത്ര സുന്ദരം,
കണ്ടിട്ടും
കണ്ടിട്ടും മതിവരുന്നില്ലവനെന്നു.
അവളുമവനെ പ്രണയിച്ചു..

പിന്നീടൊരിക്കലവള്‍ ചോദിച്ചു
നീയെന്നെ പ്രണയിക്കുന്നുവോ ?
ഇല്ലെന്നായിരുന്നവന്റെയുത്തരം.
അപ്പോളവന് കാഴ്ച്ചയില്ലായിരുന്നു.

കാണാനവളുടെ സുന്ദര മുഖവും ;
കാലമതൊക്കെ തിരിച്ചെടുത്തു.

കാണാത്തതൊന്നിനെ ഞാനറിയുന്നില്ല,
കാണാതെങ്ങനെ പ്രണയിക്കും ?
പ്രണയം വെറും കാഴ്ചകള്‍ മാത്രം.

എന്നിട്ടവന്‍ പറഞ്ഞു,

സ്നേഹമാണെനിക്കിപ്പോള്‍,
കടലോളം.
ഈയന്ധകാരം മുഴുവന്‍ നീ മാത്രമാണ്,
സ്നേഹം മാത്രമാണ് ,
അതിനു മുഖം വേണ്ട,
നല്ലൊരു പേര് പോലും വേണ്ടതിനു.

അകേതുവാണത്,
രൂപമില്ല,മണമില്ല,
കൊഞ്ചുന്ന മൊഴികളും വേണ്ടതിന്.
പക്ഷെ,
നിന്റെ നെഞ്ചിലെ തുടിപ്പെനിക്കറിയാം
തൊട്ടറിയാം,
നിന്റെ പുഞ്ചിരിയും, കണ്ണുനീരും,
ഞാനെന്റെ അകക്കാമ്പിലറിയും.

അപ്പോളവന് സ്നേഹമായിരുന്നതു-
മാത്രമായിരുന്നവളോട് .
അപ്പോളവള്‍ക്കും
കാഴ്ച വേണ്ടെന്നു തോന്നി,
അന്ധമാം സ്നേഹത്തെ സ്നേഹിക്കാന്‍ കാഴ്ച്ചയെന്തിനു?

ബാഹ്യമാണ് നീ,
വെറുമാകര്‍ഷണം.
മികച്ചതൊന്നു കാണുമ്പോള്‍
നീ അങ്ങോട്ടടുക്കും ,
കാലം നിന്നെ മായ്ചു കളയും,
അക്ഷണികമല്ല നീ ,
വെറും
ക്ഷണികമാണ് നീ ,
ക്ഷണമാത്രമേ നീയുള്ളൂ .
പുറം മോടിയില്‍ മാത്രമാണ്
നിന്റെ നോട്ടം.

നിന്നെ പ്രണയിക്കാന്‍
നിന്റെ മേനി വേണ്ടിയിരുന്നെനിക്ക്‌ .
അതിനെയാണ് ഞാന്‍ പ്രണയിച്ചത് .
എനിക്ക് പ്രണയിക്കാന്‍
നീ വേണമായിരുന്നു .

ഇപ്പോളത് വേണ്ട ,
നാളെ നീയില്ലെങ്കി-
മെന്നെനീ വിട്ടകന്നാലും
നിന്നെ ഞാന്‍ സ്നേഹിക്കും.
ജീവന്റെയൊരു തരിയെങ്കിലും ബാക്കിയാവോളം.

നിന്നെയും, പൂക്കളെയും
പൂമ്പാറ്റയേയും, പൂത്ത മരങ്ങളെയും
ഞാന്‍ പ്രണയിക്കുക മാത്രമായിരുന്നു.
പാറിപ്പറന്നു ചിറകറ്റു വീണ,
പൂമ്പാറ്റയെ ഞാന്‍ പ്രണയിച്ചില്ല.
കൊഴിഞ്ഞു വീണ പൂക്കളെ,
ഞാന്‍ പ്രണയിച്ചില്ല.
ഇല കൊഴിഞ്ഞുണങ്ങിയ മരങ്ങളെയും
ഞാന്‍ പ്രണയിച്ചില്ല.
നൊന്തില്ലെന്റെ മനസ്സപ്പോഴോന്നുമൊ-.
ഴുക്കിയില്ലവര്‍ക്കുവേണ്ടിയൊരിറ്റു-
കണ്ണുനീര്‍ത്തുള്ളി ഞാന്‍ .

സ്നേഹമാണെനിക്കിന്നവയോട്
കണ്മറഞ്ഞവയും,
കാണാതെ മറഞ്ഞിരിക്കുന്നതിനേയും,
അറിയുക, സ്നേഹത്തെ,
സത്യമതുമാത്രമാണ-
ന്നുമിന്നുമെന്നും.
By
ധനേഷ് കാട്ടൂപ്പാടത്ത്.

 

..വേനലിന്റെ വേദന.. മാര്‍ച്ച് 16, 2010

Filed under: കവിതകള്‍ — dhaneshka @ 12:03 പി‌എം
Tags: , , ,

ഞാനൊരു വേനലാണ്,
ഏതുമെന്തും കത്തിയെരിക്കുന്നവന്‍.
എല്ലാം കുടിച്ചു വറ്റിക്കുന്നവന്‍.
ഉമിനീരു വലിച്ചെടുത്തു സ്വയ-
മെരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ടവന്‍.

നിന്നെയാണേവരും കാത്തിരിക്കുന്നത് .
നീയാണാ പുതുവസന്തം.
കുളിര്‍ കാറ്റായി നീ വീശിയടിക്കും,
നിറമാരിയായി നീ പെയ്തിറങ്ങും.

ഞാന്‍ വലിച്ചെടുത്തെന്റെയാക്കിയതെല്ലാം,
തിരിച്ചു
കൊടുക്കുന്നതും നീതന്നെ.
ഒരു ഞൊടിയില്‍,
നീയതവര്‍ക്ക് തിരിച്ചു നല്‍കും.
വറ്റി വരണ്ട വായിലേക്ക് നീ,
തെളിനീരു ചൊരിയും.

പൂവും , പൂമ്പാറ്റയും
നദിയും , നാടും കാത്തിരിക്കുന്നത്
നിന്നെയാണ്.
നിനക്കാണവര്‍ സദ്യയൊരുക്കുന്നത്.
നീയാണവരുടെയതിഥി.

എന്നെയാരും ക്ഷണിക്കുന്നില്ല,
ക്ഷണമില്ലാതെയെ-
വിടെയുമെത്താന്‍
വിധിക്കപ്പെട്ടവന്‍ ഞാന്‍.
ആരുമില്ലാത്തവന്‍ ഞാന്‍.

കൊടും ചൂടടിച്ചു ഞാന്‍ ,
നീ തണുപ്പിച്ചതെല്ലാമാവിയാക്കും.
കാറ്റേറ്റു മയങ്ങിയ മിഴികളില്ലെല്ലാം
ഞാനെന്റെ രക്തം കൊണ്ട് മിഴിനീരൊഴുക്കും.
സ്വയം ഉരുകിയൊലിച്ചു,
ഞാനവരെയതില്‍ കുളിപ്പിക്കും.

സ്നേഹമാണവരോടെനിക്കെന്നും.
പക്ഷെ,
ഞാന്‍ പുല്‍കുംപോഴൊക്കെയു-
മെന്‍ കരങ്ങളിലവര്‍ പിടയുന്നു .
മിഴികളിലഗ്നിയാളുന്നു.
ഞെട്ടിത്തെറിച്ചവരോടി മറയുന്നു,
നിന്നെയും തേടി.

കേഴുന്നു ഞാന്‍ നിന്നോടെനിക്കു-
നീ നിന്റെ പാനപാത്രമേകുവാന്‍.
നിറക്കട്ടെ ഞാനൊരിക്കലെങ്കിലുമാ-
വെയിലേറ്റു വറ്റിയ നീര്‍തടങ്ങളെ.
നിറഞ്ഞു പെയ്യട്ടെ ഞാനാ
ചുടുകാറ്റ് വീശിയെരിഞ്ഞുണങ്ങിയ
തരിശു നിലങ്ങളില്‍.

കാണട്ടെ ഞാനൊരുവട്ടമെങ്കിലുമാ-
കണ്കളിലെനിക്കായ്യ് സ്ഫുരിക്കുന്നൊരാ
സ്നേഹത്തിന്‍ കണങ്ങളെ.
അവരറിയട്ടെ,
എന്നുള്ളിലുരുകും
ആത്മനൊമ്പരത്തെ.
By
ധനേഷ് കാട്ടൂപ്പാടത്ത്.

 

…തീവണ്ടി… മാര്‍ച്ച് 14, 2010

വിലകൂടിയ
ടിക്കറ്റെടുത്തവരായിരുന്നവര്‍.
എന്തിനും വിലയിടുന്നവരെന്തും‍-
വിലയ്ക്കെടുക്കുന്നവര്‍.
വില്‍ക്കാന്‍ മടിയുള്ളവരവര്‍‍.
വില്‍ക്കാന്‍ ഭയമുള്ളവര്‍‍.
അങ്ങിനൊരുകൂട്ടര്‍.

വലിയൊരു ചുമടുണ്ടവരുടെ കയ്യിലതില്‍-
പങ്കിട്ടെടുത്തതും,പറ്റിച്ചെടുത്തതും,
കാണാതെടുത്തതും,കയ്യിട്ടെടുത്തതും
തല്ലിട്ടെടുത്തതു-
മങ്ങിനെയെല്ലാം.

കുളിരായിരുന്നവര്‍ക്കിന്നുമെന്നുമതിലു- . .
ഷ്ണമവിടെയാ
ജനാല ചില്ലിനപ്പുറം
വഴിമുട്ടി നിന്നു.
ഇല്ലില്ലയെത്തില്ലയെ-
ത്തിപ്പെടില്ലൊരുനാളുമകത്തേക്ക്.

ഭയമായിരുന്നവര്‍ക്കടുത്തിരിക്കും-
മുഖങ്ങളെ,വെറുപ്പായിയുരുന്നാ
നീളുന്ന കയ്കളെ,
സ്നേഹം ചൊരിയുമാ-
ഹൃദയത്തെയും കണ്ടില്ലവര്‍.
വെച്ചു നീട്ടിയില്ലൊരിക്കലുമൊന്നുമാര്‍ക്കും.
മാറോടണച്ചു വെച്ചവരാ-
ക്കെട്ടിനെ,കൂടെയെപ്പോഴും.

വിശന്നപ്പോഴൊക്കെയുമവരുടെ-
യിടയിലവര്‍ കടിച്ചിരുന്നു,
അവര്‍ക്കൊറ്റയ്ക്കല്ലാതെയിറങ്ങില്ലൊരു-
തുള്ളി പോലും …
വലിയ സ്റ്റേഷനെത്തുന്നതും
നോക്കിയവരിരുന്നു.

അവിടെയതാ വേറെചിലര്‍.
വിലകുറഞ്ഞ ടിക്കറ്റുള്ളവര്‍,
ടിക്കറ്റില്ലാത്തവരവര്‍‍.
മടിയില്‍ ഭാരമില്ലാത്തവര്‍,
കയ്യിട്ടെടുക്കാനൊന്നുമില്ലാത്തവര്‍.
ഹൃദയത്തിലാ തണല്‍കൊണ്ടുനടക്കുന്നവര്‍.

തലച്ചുമടില്ലവര്‍ക്കു കയ്യ്-
വിട്ടു പോകുവാനു-
ള്ളതൊക്കെയുമാ ഹൃദയത്തിലുണ്ടതു –
നഷ്ടമാകില്ലയില്ലയീ പാരിലെങ്ങും‍.

കൂടെയുണ്ടായിരുന്നപ്പോഴുമവര്‍ക്കുകൂട്ടായി-
ചിലരൊക്കെയും.
ഉള്ളതൊക്കെയുമവര്‍-
തീരുവോളം പങ്കുവെച്ചു.
വിശപ്പും ദാഹവും തോന്നിയില്ലവര്‍ക്കൊട്ടുമേ.

ഇടക്കെപ്പഴോ നിനച്ചിരിക്കാതെയേതോ
സ്റ്റേഷനില്‍ ചവുട്ടി നിര്‍ത്തി,
ഇറക്കി വിട്ടപ്പോഴവര്‍ക്കെടുക്കുവാനായില്ലയൊന്നും.
പൂട്ടിവെച്ചതും,സ്വന്തമാക്കിയതും
കയ്യിലെടുത്തതൊന്നും
ഒന്നുപോലും.

ഓര്‍ക്കാന്‍ പോലുമൊന്നുമിട്ടില്ലവരൊരു
ഹൃദയത്തിലൊന്നിലും.
വല്ലാത്ത ഉഷ്ണമായിരുന്നവര്‍ക്കവിടമാകെ.

കുറഞ്ഞ ടിക്കറ്റെടുത്തവര്‍ക്കുഷ്ണം
തോന്നിയില്ലൊട്ടും,
നഷ്ടമായില്ലവര്‍ക്കൊന്നുമേയ-
വര്‍ക്കുള്ളതെല്ലാമൊരുപാട്
ഹൃദയങ്ങളിലപ്പോഴുമോരോര്‍മ്മയായി തുടിച്ചു.
മരിച്ചിട്ടും മരിക്കാതങ്ങിനെ.
By
ധനേഷ് കാട്ടൂപ്പാടത്ത്