ധനേഷ് കാട്ടൂപ്പാടത്ത്…….

എന്റെ ഓര്‍മ്മകള്‍ , എന്റെ വാക്കുകള്‍….

..നിന്നോട് .. മേയ് 21, 2010

വെയിലേറ്റൊരുനാള്‍
നിന്റെ പച്ചിലകള്‍
കത്തിയാലെന്റെ
പ്രണയം
ഞാന്‍
നിന്നോട് പറയും
നിന്റെയൊരിലപോലും
കൊഴിയാതെയീ
വേനലിങ്ങനെ കടന്നുപോയാ-
ലന്നു ഞാന്‍
നിന്നെ ചേര്‍ത്ത്പിടിക്കും
മരമായ മരമെല്ലാമീ
കൊടും കാറ്റിലാടാതിരുന്നാല്‍
ഞാന്‍ വിളിക്കും
അന്ന് നീ,
നിന്റെ
മണ്ണുപേക്ഷിച്ചെന്റെ കൂടെവരിക
നിനക്ക് വളരാന്‍,
വേരാഴ്താന്‍
ഞാനെന്റെ ഹൃദയം തരും
വലിച്ചെടുത്ത്‌
കായ്ക്കാനെന്റെ
രക്തവും..
By
ധനേഷ് കാട്ടൂപ്പാടത്ത്.

Advertisements
 

ഒരല്‍പ്പം കൂടി ! ഏപ്രില്‍ 19, 2010

അമ്മയവനെ സ്നേഹിച്ചു ,
അച്ഛനും കൊടുത്തവന് സ്നേഹം.
അവനുമവരെ സ്നേഹിച്ചു ,
കുന്നോളം.

അച്ഛനുമമ്മയും,
അവളെയും സ്നേഹിച്ചു
കുന്നോളം .
അവളും കൊടുത്തവര്‍ക്ക്
കുന്നോളം.

ഇടക്കെപ്പോഴോ,
അവര്‍ തമ്മിലും സ്നേഹിച്ചു….
ഒടുവില്‍,
ഒരുനാളെല്ലാമിട്ടെറിഞ്ഞവര്‍‍‍,
എവിടെക്കോ
ഒരുമിച്ചിറങ്ങിപോയി ..

ഒഴിവാക്കാമായിരുന്നത്,
അല്‍പ്പം കൂടി,
ഒരല്‍പ്പം കൂടിയവര്‍
സ്നേഹിച്ചിരുന്നെങ്കില്‍!
ഒരല്പം കൂടി …

By
ധനേഷ് കാട്ടൂപ്പാടത്ത്.

 

…ക്ഷമാപണം… മാര്‍ച്ച് 31, 2010

പ്രണയത്തിന്റെ
മധുരം നുണയാനല്ല.
അതിന്റെയിളംകാറ്റേല്ക്കാനുമല്ല.
അതിന്റെ തലോടലേറ്റുറങ്ങാനുമല്ലയ-
തിന്റെ ചിറകടിച്ചു പറക്കാനുമല്ല.

താലികെട്ടി കൂടെകൂട്ടാനല്ലയെ –
ന്റെ കുട്ടികളുടെയമ്മയാവാനുമല്ല ,
എന്നെയെന്നും കാത്തിരിക്കാനല്ലയെ –
നിക്കോര്‍ത്തിരിക്കാനുമല്ല ,
എനിക്കായ് കരയാനുമല്ലയെ-
നിക്കൊപ്പം ചിരിക്കാനുമല്ല,

നിന്നെ
ഞാനര്‍ഹിക്കുന്നില്ല.
അര്‍ഹിക്കാത്തൊരു കനിയായിരുന്നു
നീയെനിക്കെന്നും.
അര്‍ഹിക്കാത്തതെങ്ങിനെയാഗ്രഹിക്കും.

നിറവും ജാതിയുമെന്നുമൊരു
മതിലായി നിന്നു
നമുക്കിടയില്‍.
ചോദിക്കാഞ്ഞിട്ടുമെന്തിനോ
കാലമെന്നോ,
പണിതിട്ടുപോയൊരു
മതില്‍‍.
പൊളിക്കാനാകാത്തയി-
ളക്കി മാറ്റാനാകാത്തൊരു
മതില്‍‍.

എന്നിട്ടും പക്ഷെ ഞാന്‍,
നിന്നോടന്നതു പറഞ്ഞു.
നിന്നെ ഞാന്‍ നോവിച്ചു.

എന്നെയിഷ്ട്ടമല്ലെന്നു
നീ പറഞ്ഞപ്പോളെന്റെ
ഹൃദയം മുറിഞ്ഞു,
ആ മുറിവുഞാനുണക്കിയില്ല,
ഒരിക്കലുമൊരു
മരുന്നുമതില്‍ വയ്ക്കില്ല ഞാന്‍ .

ആള്‍ക്കൂട്ടത്തിലൊറ്റപ്പെടുമ്പോളും,
സ്നേഹജലമില്ലാതെ തളരുമ്പോളും,
സ്നേഹത്തിന്‍ തണലകലുംപോഴും
കുഴിയില്‍ വീഴ്‌ത്തി
വിധി കളി തുടരുമ്പോഴുമൊക്കെയും-
നഷ്ട്ടപ്പെടുംപോഴുമെനിക്കാ
വേദന വേണമുള്ളില്‍..

അതിലുരുകിയലിയാന-
തിന്റെ ചൂടേറ്റു നില്‍ക്കാന്‍,
സുഖമുള്ളയാ വേദന തിന്നു
വിശപ്പടക്കാന്‍,
ശിഷ്ടകാലമീ മണ്ണില്‍ ജീവിക്കാന്‍,
അതില്ലാതെനിക്ക് പറ്റില്ല.
എനിക്ക് ജീവിക്കണം.
അതിനായിരുന്നെല്ലാം ..

ക്ഷമിക്കില്ലേ നീ ?

By
ധനേഷ് കാട്ടൂപ്പാടത്ത്.

N.B
ഇത്രയും അവളോടൊരിക്കലെങ്കിലും പറയണമെന്ന് കരുതിയതാണ്..പറ്റിയില്ല..
അവളിതു വായിച്ചിട്ടെങ്കിലും എന്നോട് ക്ഷമിക്കുമായിരിക്കും ..ഇതാണ് സത്യം, ഇതുമാത്രമാണ് സത്യം.. 🙂

 

…പാട്ട്…

Filed under: കവിതകള്‍ — dhaneshka @ 12:09 പി‌എം
Tags: , , ,

പേടിച്ചു പേടിച്ചാണൊടുവില്‍
വിളിച്ചത്,
ചാനലിലേക്ക് .
അവള്‍ക്കു വേണ്ടിയൊരു പാട്ട് വയ്ക്കാന്‍‍.
മനസ്സിലൊളിപ്പിച്ചതെല്ലാം,
വിളിച്ചു പറയുന്നൊരു പാട്ട്.
പേര് ചോദിച്ചപ്പോ
മാറ്റിപ്പറഞ്ഞു
പേടിയായിരുന്നു.
നാളെയാ പേടി മാറ്റു-
മതവളോട് പറയും.
അതുറപ്പിച്ചു.
സംശയിച്ചു..വെറുതെ,
അവളതു കേള്ക്കുമോയെന്നു.

അവളതു കേട്ടെന്നു തോന്നിയ-
പ്പോളവളുടെ പേരും,വയസ്സും
ടീവിയിലങ്ങിനെ തെളിഞ്ഞു കടന്നു പോയി,
പലവട്ടം..
കൂടെ വേറെ പേരുകളും ..
ബസ്സില്‍,
കോളേജിലേക്കുപോയയവള്‍
ചെന്ന് വീണത്‌ പുഴയിലായിരുന്നു ..
എന്നും കാണുന്ന പുഴ..
അവളുടെ പിടക്കുന്ന മുഖമപ്പൊ
കണ്ടു..
ഉള്ളൊന്നു പിടച്ചു,
പാട്ടപ്പോഴും തീര്‍ന്നിട്ടില്ലായിരുന്ന-
തപ്പോഴും പാടിക്കൊണ്ടേയിരുന്നു…
By
ധനേഷ് കാട്ടൂപ്പാടത്ത്.

 

..പൊള്ളലുകള്‍.. മാര്‍ച്ച് 23, 2010

കുഞായിരുന്നപ്പോഴാണാദ്യം പൊള്ളിയത്‌..
അടുപ്പിലെ കഞ്ഞിക്കലതിന്റെ മൂടി
മുഖം നോക്കാനെടുത്തപ്പോഴായിരുന്നത് ,
അമ്മയതില്‍ വെള്ളമോഴിച്ചപ്പോളൊരു
വല്ലാത്ത സുഖം തോന്നി
പൊള്ളലിനുമൊരു സുഖമുണ്ടെന്നറിഞ്ഞു
അന്നാദ്യമായി .

ഉറക്കമിളച്ചും, എഴുതിയുണ്ടാക്കിയു-
മെഴുതിയ പരീക്ഷ ചതിച്ചപ്പോഴാണ്
പിന്നീട് പൊള്ളിയത് ,
വല്ലാതെ വേദനിച്ചു..
കാലമേറെയെടുത്തു
ചൂടൊന്നു മാറാന്‍‍.
അപ്പോളാ പഴയ സുഖം തോന്നിയില്ല.
അങ്ങിനെയും ചില
പൊള്ളലുണ്ടെന്നു തിരിച്ചറിഞ്ഞു.

വേദനകള്‍
തന്നിട്ട് പോകുന്നത്,
തിരിച്ചറിവുകളാണ്.

പ്രണയിനി
കൂടുതല്‍ കായ്ക്കുന്നൊരു മരം
തെടിപ്പോയപ്പോഴാണ്
പിന്നീട് പൊള്ളിയത്,
അതിന്റെ
വേദനയധികനാള്‍ നിന്നില്ല,
പക്ഷെ,
മനസ്സ് പകുതി വെന്തിരുന്നു.
പാതിവെന്ത മനസ്സുമായി കുറെയേറെ നാള്‍ .

ഒടുവില്‍,
പാതിവെന്ത മനസ്സുമായി
പ്രേയസിയെ കൂടെക്കൂട്ടി,
അല്‍പ്പമൊരാശ്വാസം തേടി.
പക്ഷെ,
വാക്കുകൊണ്ടും
നോട്ടം കൊണ്ടും,
ബാക്കി പകുതിയുമവള്‍
പൊള്ളിച്ചുകൊണ്ടിരുന്നു.

ഇടക്കൊക്കെ
അവളതില്‍ കുത്തിയുംനോവിച്ചു .
അവളാശിച്ചതും,
ചോദിച്ചതുമൊന്നും
കൊടുക്കാനൊരിക്കലും കഴിഞ്ഞില്ല.

യാത്രക്കിടയിലെവിടയോ-
അവളിറങ്ങി വേറെയേതോ
വണ്ടിയില്‍ കയറി.

ഇന്നിവിടെ
മുഴുവന്‍ വെന്ത
മനസ്സുമായി,
ഞാനീ പുഴയോരത്തിരിക്കുന്നു,
ഉരുകിത്തീരാറായ മനസ്സല്‍പ്പം
തണുക്കാന്‍..
ആകെയൊന്നു മുക്കി,
അകവും പുറവും തണുപ്പിക്കാനൊ-
രകാല വര്‍ഷവും കാത്തു കാത്തിങ്ങനെ…
By
ധനേഷ് കാട്ടൂപ്പാടത്ത്.

 

…പ്രണയമോ,സ്നേഹമോ?… മാര്‍ച്ച് 22, 2010

അപ്പോളവന് കാഴ്ച്ചയുണ്ടായിരുന്നു,
അവള്‍ക്കും.
അവളോടന്നവന്‍ പറഞ്ഞു ,
നിന്നെ ഞാന്‍ പ്രണിയിക്കുന്നു..
കടലോളം.
നിന്റെ മുഖമെത്ര സുന്ദരം,
കണ്ടിട്ടും
കണ്ടിട്ടും മതിവരുന്നില്ലവനെന്നു.
അവളുമവനെ പ്രണയിച്ചു..

പിന്നീടൊരിക്കലവള്‍ ചോദിച്ചു
നീയെന്നെ പ്രണയിക്കുന്നുവോ ?
ഇല്ലെന്നായിരുന്നവന്റെയുത്തരം.
അപ്പോളവന് കാഴ്ച്ചയില്ലായിരുന്നു.

കാണാനവളുടെ സുന്ദര മുഖവും ;
കാലമതൊക്കെ തിരിച്ചെടുത്തു.

കാണാത്തതൊന്നിനെ ഞാനറിയുന്നില്ല,
കാണാതെങ്ങനെ പ്രണയിക്കും ?
പ്രണയം വെറും കാഴ്ചകള്‍ മാത്രം.

എന്നിട്ടവന്‍ പറഞ്ഞു,

സ്നേഹമാണെനിക്കിപ്പോള്‍,
കടലോളം.
ഈയന്ധകാരം മുഴുവന്‍ നീ മാത്രമാണ്,
സ്നേഹം മാത്രമാണ് ,
അതിനു മുഖം വേണ്ട,
നല്ലൊരു പേര് പോലും വേണ്ടതിനു.

അകേതുവാണത്,
രൂപമില്ല,മണമില്ല,
കൊഞ്ചുന്ന മൊഴികളും വേണ്ടതിന്.
പക്ഷെ,
നിന്റെ നെഞ്ചിലെ തുടിപ്പെനിക്കറിയാം
തൊട്ടറിയാം,
നിന്റെ പുഞ്ചിരിയും, കണ്ണുനീരും,
ഞാനെന്റെ അകക്കാമ്പിലറിയും.

അപ്പോളവന് സ്നേഹമായിരുന്നതു-
മാത്രമായിരുന്നവളോട് .
അപ്പോളവള്‍ക്കും
കാഴ്ച വേണ്ടെന്നു തോന്നി,
അന്ധമാം സ്നേഹത്തെ സ്നേഹിക്കാന്‍ കാഴ്ച്ചയെന്തിനു?

ബാഹ്യമാണ് നീ,
വെറുമാകര്‍ഷണം.
മികച്ചതൊന്നു കാണുമ്പോള്‍
നീ അങ്ങോട്ടടുക്കും ,
കാലം നിന്നെ മായ്ചു കളയും,
അക്ഷണികമല്ല നീ ,
വെറും
ക്ഷണികമാണ് നീ ,
ക്ഷണമാത്രമേ നീയുള്ളൂ .
പുറം മോടിയില്‍ മാത്രമാണ്
നിന്റെ നോട്ടം.

നിന്നെ പ്രണയിക്കാന്‍
നിന്റെ മേനി വേണ്ടിയിരുന്നെനിക്ക്‌ .
അതിനെയാണ് ഞാന്‍ പ്രണയിച്ചത് .
എനിക്ക് പ്രണയിക്കാന്‍
നീ വേണമായിരുന്നു .

ഇപ്പോളത് വേണ്ട ,
നാളെ നീയില്ലെങ്കി-
മെന്നെനീ വിട്ടകന്നാലും
നിന്നെ ഞാന്‍ സ്നേഹിക്കും.
ജീവന്റെയൊരു തരിയെങ്കിലും ബാക്കിയാവോളം.

നിന്നെയും, പൂക്കളെയും
പൂമ്പാറ്റയേയും, പൂത്ത മരങ്ങളെയും
ഞാന്‍ പ്രണയിക്കുക മാത്രമായിരുന്നു.
പാറിപ്പറന്നു ചിറകറ്റു വീണ,
പൂമ്പാറ്റയെ ഞാന്‍ പ്രണയിച്ചില്ല.
കൊഴിഞ്ഞു വീണ പൂക്കളെ,
ഞാന്‍ പ്രണയിച്ചില്ല.
ഇല കൊഴിഞ്ഞുണങ്ങിയ മരങ്ങളെയും
ഞാന്‍ പ്രണയിച്ചില്ല.
നൊന്തില്ലെന്റെ മനസ്സപ്പോഴോന്നുമൊ-.
ഴുക്കിയില്ലവര്‍ക്കുവേണ്ടിയൊരിറ്റു-
കണ്ണുനീര്‍ത്തുള്ളി ഞാന്‍ .

സ്നേഹമാണെനിക്കിന്നവയോട്
കണ്മറഞ്ഞവയും,
കാണാതെ മറഞ്ഞിരിക്കുന്നതിനേയും,
അറിയുക, സ്നേഹത്തെ,
സത്യമതുമാത്രമാണ-
ന്നുമിന്നുമെന്നും.
By
ധനേഷ് കാട്ടൂപ്പാടത്ത്.

 

…മൊബൈല്‍… മാര്‍ച്ച് 10, 2010

കാണുന്നതെല്ലാമൊപ്പിയെടുക്കുന്നയാ
കൊച്ചു കണ്ണതിനില്ലായിരുന്നു..
എങ്കിലുമതൊരു കുറവായിരുന്നില്ല.
കണ്ണില്ലെങ്കിലും കേള്‍ക്കാനും,
കേട്ടതൊക്കെയോര്‍ത്തുവയ്ക്കാനുമതിന്
കഴിവുണ്ടായിരുന്നു.
അവളുടെ കാതിലേക്ക്
സ്വരങ്ങളെത്തിക്കാനവന്‍ തിരക്കുകൂട്ടി…

അവളുടെ ശബ്ദവും
മൗനവുമതില്‍ പതിഞ്ഞിരുന്നു ..
അവളില്ലാത്ത സന്ധ്യകളിലതിന്റെ
രസത്തിലവളുടെ
അസാന്നിധ്യം അവനെയലട്ടിയില്ല. .

അപ്പുറത്തെ വീട്ടിലെ വര്‍ഗീസാണാ-
ദ്യമത് വാങ്ങിയത്..
പിന്നെ ലീലാമ്മ ചേടത്തിയും…
താഴത്തെ വീട്ടിലെ
ഉണ്ടക്കന്നുള്ള ചേച്ചിയുടെ,
കയ്യിലുമവനത് കണ്ടു..
പല കയ്കളിലുമതുകണ്ടു..

അവനുവേണ്ടി ,
അല്ലയവള്‍ക്കുവേണ്ടിയ-
തൊരണ്ണം സ്വന്തമാക്കി….
ഇടത്തെ മോതിരവിരലിലെ വളയം
കളഞ്ഞുപോയെന്ന
ചെറിയൊരു നുണ മാത്രമേ,
വേണ്ടിവന്നുള്ളൂ അതിന്.

കാതിനൊപ്പം കണ്ണുകൂടി വന്നപ്പോള-
വരുടെ സ്നേഹമിരട്ടിച്ചു …
കാഴ്ച കൂടിയപ്പോളവര്‍
കൂടുതല്‍ കണ്ടു..
പരസ്പരം കാണിച്ചു….
അവരെല്ലാം മറന്നപ്പോഴു-
മിമയടക്കാതെ,
അവനതെല്ലാമൊപ്പിയെടുക്കുന്നുണ്ടായിരുന്നു.

എന്തിനെന്നവളൊരിക്കലും ചോദിച്ചില്ല..
സ്നേഹം ചിലപ്പോളങ്ങിനെയൊക്കെയാണ്…
ചോദ്യങ്ങളില്ല , ഉത്തരങ്ങളില്ല,
പ്രതീക്ഷ മാത്രം.

റിപ്പയിറിംഗ് കടയിലെ,
മെലിഞ്ഞ
പയ്യനാണത് കണ്ടത്..
രക്തത്തിന് വേഗത
കൂടിയൊരു നിമിഷത്തിലവനത്
പറത്തിവിട്ടു..
വല്ലാത്ത വേഗമായിരുന്നതിന്‌..
പറന്നിറങ്ങിയിടത്തോന്നുമധികം നിന്നില്ല.
അതങ്ങിനെ പറന്നുകൊണ്ടേയിരുന്നു..
ഒടുവിലത് പറന്നു ചെന്നിരുന്നത്
വടക്കേ പറമ്പിലെ മാവിലായിരുന്നു..

ക്ഷീണം മാറ്റാനപ്പോള്‍ തൂങ്ങിയാടുകയായിരുന്നു..
അവളുടെ ചലിക്കാത്ത കണ്ണുകളപ്പോള്‍ ,
ആകാശത്തിലൂടെ പായുന്ന വേറെയും
കിളികളെ തിരഞ്ഞുകൊണ്ടിരുന്നു…
അവരുടെ വരവും പ്രതീക്ഷിച്ച്!

പായുന്ന തീവണ്ടിയിലവളുടെ
ശബ്ദം കേള്‍ക്കുകയായിരുന്ന-
വനതില്‍‍…
അവനതു പുറത്തേക്കു വലിച്ചെറിഞ്ഞു ….
പുറകോട്ടോടുന്ന
മരങ്ങളില്‍ നിന്നെവിടയോ-
യവളുടെ വിളിയവന്റെ കാതില്‍ മുഴങ്ങി..
അവളെകാണാന്‍,
അവനുമോടുവില്‍..അങ്ങോട്ടേക്ക്…..

അപ്പോഴുമാരൊക്കയോ..
എവിടേയോ
അവരുടെ,
കളിയും ചിരിയും
കാണുന്നുണ്ടായിരുന്നതില്‍..
‍അവര്‍ക്ക് മരണമില്ല….
അവരെയെവിടെയും കാണാം…..
By
ധനേഷ് കാട്ടൂപ്പാടത്ത് .