ധനേഷ് കാട്ടൂപ്പാടത്ത്…….

എന്റെ ഓര്‍മ്മകള്‍ , എന്റെ വാക്കുകള്‍….

..നിന്നോട് .. മേയ് 21, 2010

വെയിലേറ്റൊരുനാള്‍
നിന്റെ പച്ചിലകള്‍
കത്തിയാലെന്റെ
പ്രണയം
ഞാന്‍
നിന്നോട് പറയും
നിന്റെയൊരിലപോലും
കൊഴിയാതെയീ
വേനലിങ്ങനെ കടന്നുപോയാ-
ലന്നു ഞാന്‍
നിന്നെ ചേര്‍ത്ത്പിടിക്കും
മരമായ മരമെല്ലാമീ
കൊടും കാറ്റിലാടാതിരുന്നാല്‍
ഞാന്‍ വിളിക്കും
അന്ന് നീ,
നിന്റെ
മണ്ണുപേക്ഷിച്ചെന്റെ കൂടെവരിക
നിനക്ക് വളരാന്‍,
വേരാഴ്താന്‍
ഞാനെന്റെ ഹൃദയം തരും
വലിച്ചെടുത്ത്‌
കായ്ക്കാനെന്റെ
രക്തവും..
By
ധനേഷ് കാട്ടൂപ്പാടത്ത്.

Advertisements
 

..വേനലിന്റെ വേദന.. മാര്‍ച്ച് 16, 2010

Filed under: കവിതകള്‍ — dhaneshka @ 12:03 പി‌എം
Tags: , , ,

ഞാനൊരു വേനലാണ്,
ഏതുമെന്തും കത്തിയെരിക്കുന്നവന്‍.
എല്ലാം കുടിച്ചു വറ്റിക്കുന്നവന്‍.
ഉമിനീരു വലിച്ചെടുത്തു സ്വയ-
മെരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ടവന്‍.

നിന്നെയാണേവരും കാത്തിരിക്കുന്നത് .
നീയാണാ പുതുവസന്തം.
കുളിര്‍ കാറ്റായി നീ വീശിയടിക്കും,
നിറമാരിയായി നീ പെയ്തിറങ്ങും.

ഞാന്‍ വലിച്ചെടുത്തെന്റെയാക്കിയതെല്ലാം,
തിരിച്ചു
കൊടുക്കുന്നതും നീതന്നെ.
ഒരു ഞൊടിയില്‍,
നീയതവര്‍ക്ക് തിരിച്ചു നല്‍കും.
വറ്റി വരണ്ട വായിലേക്ക് നീ,
തെളിനീരു ചൊരിയും.

പൂവും , പൂമ്പാറ്റയും
നദിയും , നാടും കാത്തിരിക്കുന്നത്
നിന്നെയാണ്.
നിനക്കാണവര്‍ സദ്യയൊരുക്കുന്നത്.
നീയാണവരുടെയതിഥി.

എന്നെയാരും ക്ഷണിക്കുന്നില്ല,
ക്ഷണമില്ലാതെയെ-
വിടെയുമെത്താന്‍
വിധിക്കപ്പെട്ടവന്‍ ഞാന്‍.
ആരുമില്ലാത്തവന്‍ ഞാന്‍.

കൊടും ചൂടടിച്ചു ഞാന്‍ ,
നീ തണുപ്പിച്ചതെല്ലാമാവിയാക്കും.
കാറ്റേറ്റു മയങ്ങിയ മിഴികളില്ലെല്ലാം
ഞാനെന്റെ രക്തം കൊണ്ട് മിഴിനീരൊഴുക്കും.
സ്വയം ഉരുകിയൊലിച്ചു,
ഞാനവരെയതില്‍ കുളിപ്പിക്കും.

സ്നേഹമാണവരോടെനിക്കെന്നും.
പക്ഷെ,
ഞാന്‍ പുല്‍കുംപോഴൊക്കെയു-
മെന്‍ കരങ്ങളിലവര്‍ പിടയുന്നു .
മിഴികളിലഗ്നിയാളുന്നു.
ഞെട്ടിത്തെറിച്ചവരോടി മറയുന്നു,
നിന്നെയും തേടി.

കേഴുന്നു ഞാന്‍ നിന്നോടെനിക്കു-
നീ നിന്റെ പാനപാത്രമേകുവാന്‍.
നിറക്കട്ടെ ഞാനൊരിക്കലെങ്കിലുമാ-
വെയിലേറ്റു വറ്റിയ നീര്‍തടങ്ങളെ.
നിറഞ്ഞു പെയ്യട്ടെ ഞാനാ
ചുടുകാറ്റ് വീശിയെരിഞ്ഞുണങ്ങിയ
തരിശു നിലങ്ങളില്‍.

കാണട്ടെ ഞാനൊരുവട്ടമെങ്കിലുമാ-
കണ്കളിലെനിക്കായ്യ് സ്ഫുരിക്കുന്നൊരാ
സ്നേഹത്തിന്‍ കണങ്ങളെ.
അവരറിയട്ടെ,
എന്നുള്ളിലുരുകും
ആത്മനൊമ്പരത്തെ.
By
ധനേഷ് കാട്ടൂപ്പാടത്ത്.

 

വേനല്‍ …. ജനുവരി 10, 2010

Filed under: കവിതകള്‍ — dhaneshka @ 3:38 പി‌എം
Tags: , ,

മഞ്ഞായിരുന്നപ്പോഴാണ് മനസ്സില്‍ വാരിയിട്ടത് ;
മഴയായിരുന്നപ്പോഴാണ് മനസ്സില്‍ കോരിയിട്ടത്;
ഒടുവിലാണ് തിരിച്ചറിഞ്ഞത് ,
ഒരിക്കലും വറ്റാത്ത വേനലായിരുന്നു നീയെന്ന്‌…..